മാനഭംഗം ആരോപിച്ച് സൈനിക ക്യാമ്പ് ആക്രമിച്ചു
അഗര്‍ത്തല: ത്രിപുര സ്‌റ്റേറ്റ് റൈഫിള്‍സിലെ ജവാന്‍ പതിനാറുകാരിയെ ബലാത്സംഗം ചെയ്തെന്നാരോപിച്ച് ബുധനാഴ്ച രാത്രി നാട്ടുകാര്‍ സേനാ ക്യാമ്പ് ആക്രമിച്ചു. പടിഞ്ഞാറന്‍ ത്രിപുരയിലെ നന്ദകുമാര്‍പായിലുള്ള സേനാ ക്യാമ്പാണ് ആക്രമിക്കപ്പെട്ടത്.
ക്യാമ്പിലെ ടെന്റുകള്‍ തീവെച്ചു നശിപ്പിക്കുകയും സാധനങ്ങള്‍ കേടുവരുത്തുകയും ചെയ്തിട്ടുണ്ട്.
പ്രാദേശിക തിരഞ്ഞെടുപ്പിനു മുന്നോടിയായി സേനാംഗങ്ങളെ മറ്റിടങ്ങളില്‍ വിന്യസിച്ചിരുന്നതിനാല്‍ 35 പേരുള്ള ക്യാമ്പില്‍ പതിമൂന്നു പേരേയുണ്ടായിരുന്നുള്ളൂ.
ഇതിനിടെ ആരോപണത്തെത്തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ കുട്ടി മാനഭംഗത്തിനിരയായില്ലെന്ന് തെളിഞ്ഞതായി പോലീസ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ നേപാള്‍ ദാസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കേസ് ഫയല്‍ ചെയ്തതിനാല്‍ ജവാനെ കോടതിയില്‍ ഹാജരാക്കും. അനിഷ്ട സംഭവങ്ങളൊഴിവാക്കാന്‍ ഈ മേഖലയില്‍ കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിച്ചിരിക്കുകയാണ്.
ഞായറാഴ്ച പ്രതിപക്ഷപാര്‍ട്ടിയിലെ സ്ഥാനാര്‍ഥിയായ ഇരുപത്തിയേഴുകാരിയെ ക്യാമ്പിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സേനാംഗങ്ങള്‍ ഇവരെ ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന ആരോപണത്തെത്തുടര്‍ന്ന് മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.












Click it and Unblock the Notifications