ഐസ്‌ക്രീം: അന്വേഷണം അന്തിമഘട്ടത്തില്‍
കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ സര്‍ക്കാര്‍ ഉത്തരവിട്ട പുനരന്വേഷണം അന്തിമഘട്ടത്തില്‍. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചത്.
കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ മുന്‍ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കെ.സി.പീറ്റര്‍, ജസ്റ്റിസ് കെ. നാരായണക്കുറുപ്പിന്റെ മരുമകന്‍ സണ്ണി ജോസഫ് എന്നിവരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.
ഇന്ത്യാ വിഷന്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജ് എം.പി. ബഷീറില്‍നിന്ന് തെളിവെടുത്ത സംഘം ചാനലിന്റെ കൈവശമുള്ള ദൃശ്യങ്ങളും പരിശോധിച്ചു. ചാനലിന്റെ ഒളികാമറ ദൃശ്യങ്ങളിലൂടെ പുറത്തുവന്ന വിവരങ്ങള്‍ അന്വേഷണ സംഘം വിലയിരുത്തുന്നുണ്ട്. ഒളിക്യാമറകളിലെ ദൃശ്യങ്ങളും മറ്റും വിദഗ്ധ സംഘത്തിന്റെ സഹായത്തോടെ പൊലീസ് വിലയിരുത്തുന്നുണ്ട്.
ജസ്റ്റിസ് കെ. നാരായണക്കുറുപ്പ്, ജസ്റ്റിസ് കെ. തങ്കപ്പന്‍ എന്നിവരില്‍ നിന്നുള്ള തെളിവ് ശേഖരണമാണ് അവശേഷിക്കുന്നത്. എന്നാല്‍, നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ തെളിവ് ശേഖരണം സാധ്യമാവില്ല.
ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ കെ.എ. റഊഫ് കഴിഞ്ഞ ദിവസം കുറ്റസമ്മത മൊഴി മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയിരുന്നു. തിരുത്താന്‍ പറ്റാത്ത മൊഴി കേസില്‍ നിര്‍ണായകമാവുമെന്നാണ് കരുതപ്പെടുന്നത്. കോതമംഗലം പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളും എ.ഡി.ജി.പി വിന്‍സന്‍ എം.പോളിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുന്നുണ്ട്.












Click it and Unblock the Notifications