മകന്റെ പേരുപറഞ്ഞ് വിഎസിനെ തളയ്ക്കും?

മാര്‍ച്ച് നാല്, അഞ്ച്, ആറ് തീയതികളില്‍ ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ അരുണ്‍കുമാര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുംമെന്നാണ് സൂചന. ഔദ്യോഗിക വിഭാഗം പ്രത്യേകിച്ചു കരുനീക്കമൊന്നും നടത്താതെ തന്നെ കേന്ദ്രകമ്മിറ്റി ഇതിലേയ്ക്കു വരുമെന്നുമറിയുന്നു.
കേന്ദ്ര കമ്മിറ്റി അംഗവും മുതിര്‍ന്ന നേതാവും മുഖ്യമന്ത്രിയുമായ നേതാവിന്റെ മകനെതിരേ ഉയരുന്ന ആരോപണങ്ങള്‍ കണ്ടില്ലെന്നു നടിച്ചു മുന്നോട്ടുപോകാന്‍ കഴിയില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.
പുതിയതല്ലെങ്കിലും അരുണ്‍കുമാറിനെതിരേ പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങള്‍ വി.എസിനെതിരേയുള്ള മികച്ച ആയുധമായാണ് ഔദ്യോഗിക വിഭാഗം പരിഗണിക്കുന്നത്. സംസ്ഥാന കമ്മിറ്റിയില്‍ ഒന്നിലധികം തവണ ചര്‍ച്ചയ്ക്കു വന്ന കാര്യങ്ങളാണിവ.
പ്രത്യേകിച്ചും അരുണിനെതിരേ സംസ്ഥാന സെക്രട്ടറി പിണറായി വിജയന് കെപിപി നമ്പ്യാര്‍ നേരിട്ട് നല്‍കിയ പരാതി. കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് കണ്ണൂര്‍ പവര്‍ പ്രോജക്ടുമായി ബന്ധപ്പെട്ട് തന്നോട് അരുണ്‍കുമാര്‍ 75 കോടി ചോദിച്ചെന്നാണു നമ്പ്യാരുടെ പരാതി ഉയര്‍ന്നത്.
പിണറായിയെയും അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരെയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിനെയും നേരില്‍ കണ്ട് നമ്പ്യാര്‍ ഇതു പറഞ്ഞിരുന്നുവെന്നാണ് കോണ്‍ഗ്രസ് എംഎല്‍എ വി.ഡി.സതീശന്‍ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയത്.
വി.എസ്.മുഖ്യമന്ത്രിയായ ശേഷവും അതിനു മുമ്പും അരുണ്‍കുമാര്‍ നടത്തിയ ഓരോ ഇടപെടലുകളെക്കുറിച്ചും സിപിഎം നേതൃത്വത്തിനു വ്യക്തമായ വിവരമുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടിയ്ക്ക് ഇക്കാര്യത്തില്‍ നടപടിയൊന്നും എടുക്കാന്‍ കഴിഞ്ഞില്ല.
എന്നാല്‍ ഇപ്പോള്‍ മകനെതിരേയുള്ള ആരോപണങ്ങള്‍ പരസ്യ ചര്‍ച്ചയായതോടെ തോടെ അത് ഉപയോഗിക്കാന്‍ തന്നെയാണു ഔദ്യോഗിക പക്ഷത്തിന്റെ തീരുമാനം. അതിനുള്ള ഉപാധിയാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ്.
വി.എസ് മല്‍സരിക്കുമെന്ന് ശാഠ്യം പിടിച്ചാല്‍ അരുണ്‍കുമാര്‍ പ്രശ്‌നം പരസ്യമായി അദ്ദേഹത്തിനെതിരേ ഉപയോഗിക്കുമെന്നാണ് സൂചന. അതിനുള്ള തെളിവുകള്‍ ഔദ്യോഗിക നേതൃത്വവും ആഭ്യന്തര വകുപ്പും ശേഖരിച്ചു കഴിഞ്ഞു.
അതല്ല, മല്‍സരിക്കുന്നതില്‍ നിന്നു വി.എസ് സ്വയം പിന്‍മാറിയാല്‍ അദ്ദേഹത്തെ പ്രതിരോധിക്കാന്‍ പാര്‍ട്ടി തയ്യാറാകുമെന്നുമറിയുന്നു. അരുണ്‍കുമാറിനെതിരേ ആരോപണങ്ങള്‍ വന്ന പിന്നാലെ, പിണറായിയും കോടിയേരിയും വിഎസിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയത് അദ്ദേഹം സ്വയം പിന്തിരിയാനുള്ള അന്തരീക്ഷമൊരുക്കാന്‍ വേണ്ടികൂടിയാണ്.












Click it and Unblock the Notifications