ലിബിയയില്‍ നിന്നും ഇന്ത്യന്‍ സംഘം എത്തി
ദില്ലി: ആഭ്യന്തര കലാപം രൂക്ഷമായ ലിബിയയിലെ ഇന്ത്യക്കാരുടെ ആദ്യസംഘവുമായി എയര്‍ഇന്ത്യ വിമാനം ഇന്ത്യയിലെത്തി. ശനിയാഴ്ച രാത്രി 11.50ന് ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്രവിമാനത്താവളത്തിലാണ് വിമാനം ഇറങ്ങിയത്.
മുപ്പതോളം മലയാളികള്‍ സംഘത്തിലുണ്ട്. ഓരോ ദിവസവും രണ്ടു പ്രത്യേക വിമാനങ്ങള്‍ അയയ്ക്കാനാണ് ഇന്ത്യയ്ക്ക് അനുമതി ലഭിച്ചിരിക്കുന്നത്. ലിബിയയില്‍ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും മടക്കി എത്തിക്കാന്‍ ഇത് അപര്യാപ്തമായതിനാല്‍ ഒരു കപ്പലും ഇന്ത്യ ലിബിയയിലേയ്ക്ക് അയച്ചിട്ടുണ്ട്.
ആദ്യ കപ്പല്‍ ഞായറാഴ്ച ലിബിയയിലെ ബെങ്കാസി തുറമുഖത്ത് എത്തിച്ചേരും. ആളുകളെ കപ്പലില്‍ അലക്‌സാന്‍ഡ്രിയയില്‍ എത്തിച്ച് അവിടെ നിന്ന് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ നാട്ടില്‍ എത്തിക്കാനാണ് തീരുമാനം.
ദില്ലിയില്‍ എത്തിച്ചേരുന്ന മലയാളികള്‍ക്കായി പ്രത്യേക ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചതായി കേരള ഹൌസ് റസിഡന്റ് കമ്മിഷണര്‍ അറിയിച്ചു. കേരള ഹൗസില്‍ ഇവര്‍ക്കുളള താമസ സൌകര്യവും ഭക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇവരെ അടുത്ത ദിവസം കൊച്ചി, തിരുവനന്തപുരം , കോഴിക്കോട് നഗരങ്ങളിലേക്ക് വിമാനമാര്‍ഗം എത്തിക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് ഉള്‍പ്പെടെയുള്ളവര്‍ മടങ്ങിയെത്തിയവരെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.












Click it and Unblock the Notifications