8ന് വനിതാ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചേയ്ക്കും
ദില്ലി: വനിതാസംവരണബില്‍ അന്താരാഷ്ട്ര വനിതാദിനമായ മാര്‍ച്ച് എട്ടിന് ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അലോചിക്കുന്നതായി റിപ്പോര്‍ട്ട്.
കേരളവും ബംഗാളുമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വനിതാബില്‍ പാസ്സാക്കി രാഷ്ട്രീയ സാഹചര്യം അനുകൂലമാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കമെന്നാണ് സൂചന.
വനിതാബില്ലിന് മുന്‍ഗണന നല്‍കുമെന്ന് കേന്ദ്ര പാര്‍ലമെന്റി മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ വെള്ളിയാഴ്ച അറിയിച്ചിരുന്നു.
ഇടതുപാര്‍ട്ടികളും ബിജെപിയും ബില്ലിനെ പിന്തുണയ്ക്കുന്നതിനാല്‍ വനിതാബില്‍ എത്രയും വേഗം ലോക്ഭസയില്‍ അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ സഭാനടപടികള്‍ മികച്ച രീതിയില്‍ നടത്തിയേ ബില്‍ അവതരിപ്പിക്കാവൂവെന്ന് ബിജെപി കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
2010 മാര്‍ച്ച് ഒന്‍പതിന് രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കുമ്പോള്‍ എതിര്‍ത്ത എംപി മാരെ മാര്‍ഷലുകളെ ഉപയോഗിച്ച് ബലമായി പുറത്താക്കിയിരുന്നു. അത്തരമൊരു രീതി ലോക്‌സഭയിലും തുടര്‍ന്നാല്‍ അംഗീകരിക്കാനാവില്ലെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യസഭയില്‍ വനിതാബില്‍ അവതരിപ്പിച്ചപ്പോള്‍ കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു.
നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച ആര്‍ജെഡി എം.പി.മാരെ കൂട്ടത്തോടെ പുറത്താക്കി. മാര്‍ഷലുകളുമായുള്ള മല്‍പ്പിടിത്തത്തില്‍ ചില എം.പി.മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
നിയമസഭകളിലും പാര്‍ലമെന്റിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന വനിതാബില്‍ ഇന്നത്തെ നിലയില്‍ നടപ്പാക്കുന്നതിന് ആര്‍ജെഡി, സമാജ്‌വാദി പാര്‍ട്ടി, ജനതാദള്‍(യുണൈറ്റഡ്) എന്നീ പാര്‍ട്ടികള്‍ ഇപ്പോഴും അനുകൂലമല്ല.
വനിതാസംവരണത്തില്‍ത്തന്നെ ഒബിസി, ന്യൂനപക്ഷ സംവരണം വേണമെന്നാണ് അവരുടെ ആവശ്യം.എന്നാല്‍ ഇതിന് വഴങ്ങാതെ ബില്‍ പാസാക്കിയെടുക്കുയെന്ന ദൗത്യമാണ് സര്‍ക്കാറിന് മുന്നിലുള്ളത്്.
2010 വനിതാദിനത്തിലാണ് രാജ്യസഭയില്‍ വനിതാ ബില്‍ അവതരിപ്പിച്ചത്. ഇതേ ബില്‍ 2011ലെ വനിതാ ദിനത്തില്‍ലോക്‌സഭയില്‍ അവതരിപ്പിക്കാനായാല്‍ അത് യുപിഎ സര്‍ക്കാറിന്റെ നേട്ടമായി ചരിത്രത്തില്‍ ഇടം നേടും.












Click it and Unblock the Notifications