കൈക്കൂലി: അടൂര്‍ പ്രകാശിന് കുറ്റപത്രം
കോഴിക്കോട്: റേഷന്‍ ഡിപ്പോ അനുവദിക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസില്‍ മുന്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി അടൂര്‍ പ്രകാശിനും ഉദ്യോഗസ്ഥര്‍ക്കുമെതിരെ വിജിലന്‍സ് കുറ്റപത്രം നല്‍കി.
ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അടൂര്‍ പ്രകാശ് ഭക്ഷ്യസിവില്‍ സപ്‌ളൈസ് മന്ത്രിയായിരിക്കെ കൈക്കൂലി വാങ്ങിയും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തും റേഷന്‍ മൊത്തവ്യാപാര ഡിപ്പോ ലൈസന്‍സ് അനുവദിച്ചെന്നാണ് കേസ്. കെപിസിസി സെക്രട്ടറിയായിരുന്ന എന്‍ കെ അബ്ദുറഹിമാനാണ് കേസിലെ ഒന്നാം സാക്ഷി. റേഷന്‍ ഡീലേഴ്‌സ് അസ്സോസിയേഷന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ എന്‍.കെ. അബ്ദുറഹ്മാനോട് ഓമശ്ശേരിയില്‍ റേഷന്‍ ഡിപ്പോ അനുവദിക്കാന്‍ 25 ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടെന്നാണ് അടൂര്‍ പ്രകാശിനെതിരായ പരാതി.
കോഴിക്കോട് വിജിലന്‍സ് പ്രത്യേക കോടതിയിലാണ് ഡിവൈഎസ്പി ഉണ്ണികൃഷ്ണന്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസ്സില്‍ ആകെ അഞ്ചു പ്രതികളാണുള്ളത്. അടൂര്‍ പ്രകാശിനും പി.എ ആയിരുന്ന പി.രാജുവിനുമെതിരെ കൈക്കൂലിക്കേസ്സും അന്നത്തെ ജില്ലാ സപ്ലൈ ഓഫീസര്‍ ഒ.സുബ്രഹ്മണ്യം, താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.ആര്‍. സഹദേവന്‍, റേഷന്‍ ഡിപ്പോക്ക് ലൈസന്‍സ് ലഭിച്ച മലപ്പുറം ഊരകം കിഴക്കുംമുറി കുണ്ടുകുഴക്കല്‍ സമീര്‍ നവാസ് എന്നിവര്‍ക്കുമെതിരെ ഔദ്യോഗികപദവി ദുരുപയോഗം ചെയ്യലടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
മുക്കം കാരശ്ശേരി പുലിചുടലയില്‍ പി.സി. സചിത്രന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് സംഘം അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.












Click it and Unblock the Notifications