അന്യായ തടങ്കലിലാണെന്ന് ബാലകൃഷ്ണപിള്ളയുടെ ഹര്‍ജി

തന്നെ കോടതിയില്‍ ഹാജരാക്കി അന്യായ തടങ്കലില്‍നിന്നു മോചിപ്പിക്കണ മെന്നും താന്‍ നല്‍കിയിട്ടുള്ള റിവ്യൂ ഹര്‍ജി ജഡ്ജിമാരുടെ ചേംബറിലല്ല, കോടതിമുറിയില്‍ തന്നെ വാദത്തിനെടുക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
ഭരണഘടനയുടെ 32ാം വകുപ്പുപ്രകാരമാണു ബാലകൃഷ്ണ പിള്ളയുടെ ഹര്‍ജി. വിചാരണക്കോടതി തന്നെ ശിക്ഷിച്ചത് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 120 ബി, 409 വകുപ്പുകള്‍ പ്രകാരവും അഴിമതി നിരോധന നിയമത്തിലെ 51 സി വകുപ്പു പ്രകാരവുമാണ്. ഈ ഉത്തരവു ഹൈക്കോടതി റദ്ദാക്കി. ഇതാണു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തത്.
എന്നാല്‍, തന്നെ ഒരുവര്‍ഷം കഠിന തടവിനു ശിക്ഷിച്ചുള്ള സുപ്രീം കോടതിയുടെ ഉത്തരവില്‍, ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കുന്നതായോ വിചാരണക്കോടതിയുടെ നടപടി ശരിവയ്ക്കുന്നതായോ പറഞ്ഞിട്ടില്ല. ഏതു നിയമനനുസരിച്ചുള്ള കുറ്റത്തിനാണു ശിക്ഷിക്കുന്നതെന്നും വ്യക്തമാക്കിയിട്ടില്ല.
ഒരുവര്‍ഷത്തെ കഠിനതടവു നല്‍കുന്നു എന്നു മാത്രമാണു പറഞ്ഞിട്ടുള്ളത്. ഇതു ഭരണഘടനയുടെ 21ാം വകുപ്പുപ്രകാരം ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശങ്ങളുടെ ലംഘനമാണ്.
തടവ് അന്യായമായതിനാല്‍ കോടതിയില്‍ ഹാജരാക്കി (ഹേബിയസ് കോര്‍പസ്) വിട്ടയയ്ക്കണം- ഹര്‍ജിയില്‍ പറയുന്നു.
സുപ്രീം കോടതിയുടെ ഉത്തരവു പുനഃപരിശോധിക്കണമെന്നുള്ള ഹര്‍ജി ജഡ്ജിമാരുടെ ചേംബറില്‍ കേള്‍ക്കുന്നതു ഭരണഘടനാ വിരുദ്ധമായ നടപടിയാവുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇതിനിടെ, ബാലകൃഷ്ണപിള്ള നേരത്തേ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി ഒന്‍പതിനു പരിഗണിക്കാന്‍ തീരുമാനമായിട്ടുണ്ട്.












Click it and Unblock the Notifications