മോര്‍ച്ചറിയില്‍ മൃതദേഹത്തിന്റെ കണ്ണ് എലികരണ്ടു!
ലുധിയാന(പഞ്ചാബ്): നഗരത്തിലെ സിവില്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹത്തിന്റെ കണ്ണുനഷ്ടപ്പെട്ടതായി ബന്ധുക്കളുടെ പരാതി. മൃതദേഹത്തിന്റെ കണ്ണ് എലി കരണ്ടതാകുമെന്നാണ് ഇതിന് ആശുപത്രി അധികൃതര്‍ വിശദീകരണം നല്‍കിയത്.
പോസ്റ്റ്മോര്‍ട്ടത്തിന് അയയ്ക്കാനായി സൂക്ഷിച്ചിരുന്ന മൃതദേഹത്തിന്റെ വലതുകണ്ണാണ് കാണാതായത്. മൃതദേഹത്തില്‍ നിന്നും കണ്ണ് മോഷ്ടിക്കപ്പെട്ടതാകുമെന്നാണ് ബന്ധുക്കളുടെ ആരോപണം.
ഫെബ്രുവരി 15ന് ചികിത്സയിലിരിക്കെ മരിച്ച പരംജിത് സിങ് എന്നയാളുടെ ഇടതുകണ്ണാണ് കാണാതായത്.
രണ്ട് ശീതീകരണിമാത്രമാണ് ഈ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ ഉള്ളത്. നാല് മൃതദേഹങ്ങള്‍ മാത്രമേ ഒരേസമയം ഇവിടെ കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുകയുള്ളു. ഇതില്‍ക്കൂടുതല്‍ മൃതദേഹങ്ങള്‍ വരുമ്പോള്‍ ബാക്കിയുള്ളവ തുറന്ന അന്തരീക്ഷത്തിലാണ് സൂക്ഷിക്കുക.
ഇത്തരം അവസരത്തില്‍ എലികളും മറ്റും മൃതദേഹം സ്പര്‍ശിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആശുപത്രിക്കാരുടെ വിശദീകരണം. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ചും അവയവക്കച്ചവടം നടക്കുന്നുണ്ടെന്ന ഗുരുതരമായ ആരോപണം നിലനില്‍ക്കെയാണ് സിവില്‍ ആശുപത്രിയിലെ ഈ സംഭവം.












Click it and Unblock the Notifications