Get Updates
Get notified of breaking news, exclusive insights, and must-see stories!

സീറ്റ് വിഭജനം: മുന്നണികള്‍ പുകയും

തിരുവനന്തപുരം: ഏപ്രില്‍ 13ന് കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കൊണ്ടുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ അപ്രതീക്ഷിത നീക്കം കേരളത്തിലെ ഇടതുവലതു മുന്നണികളെ വട്ടംകറക്കുന്നു. നിയമസഭ തിരഞ്ഞെടുപ്പ് നേരത്തെയാക്കിയ സാഹചര്യത്തില്‍ വളരെ വേഗത്തില്‍ തന്നെ സീറ്റ് വിഭജന ചര്‍ച്ച ആരംഭിയ്ക്കാന്‍ ഇരുമുന്നണികളും തീരുമാനിച്ചു കഴിഞ്ഞു.

ബുധനാഴ്ച ആരംഭിയ്ക്കുന്ന യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചയില്‍ ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് ജെഎസ്എസ് ചര്‍ച്ച നടക്കും. കന്റോണ്‍മെന്റ് ഹൗസിലാണ് ചര്‍ച്ച. അഞ്ചു സീറ്റ് എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന ജെഎസ്എസിനെ അനുനയിപ്പിക്കുക കോണ്‍ഗ്രസിന് വലിയ തലവേദനയാണ്. പാര്‍ട്ടി നേതാവ് കെ.ആര്‍ ഗൗരിയമ്മയ്ക്ക് മത്സരിക്കാന്‍ സ്ഥിരം മണ്ഡലമായ അരൂരിനു പകരം ചേര്‍ത്തല ഇക്കുറി ആവശ്യപ്പെടുമെന്നും സൂചനയുണ്ട്. ഗൗരിയമ്മ ആദ്യമായി നിയമസഭയിലെത്തിയതും ചേര്‍ത്തലയില്‍ നിന്നായിരുന്നു. എന്നാല്‍ തങ്ങളുടെ അഭിമാന മണ്ഡലമായ ചേര്‍ത്തല വിട്ടുകൊടുക്കുന്ന കാര്യം ആലോചിയ്ക്കാന്‍ പോലും കോണ്‍ഗ്രസിനാവില്ല.

നാലിന് കോഴിക്കോട് വച്ച് മുസ്ലീം ലീഗ് നേതാക്കളുമായി ചര്‍ച്ച തടത്തും. ഐസ്‌ക്രീം പാര്‍ലര്‍ കേസ്, നാദാപുരം ബോംബ് സ്‌ഫോടനം എന്നിങ്ങനെയുള്ള പ്രതിസന്ധികളില്‍ അകപ്പെട്ട ലീഗ് കൂടുതല്‍ പിടിവാശികള്‍ക്കൊന്നും നില്‍ക്കില്ലെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ തവണത്തെ സീറ്റില്‍ തന്നെ അവര്‍ തൃപ്തിപ്പെട്ടേക്കും. അതേ സമയം തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പെ തൊടുപുഴയെ ചൊല്ലി മാണിയുമായി കോണ്‍ഗ്രസ് ഇടഞ്ഞത് സീറ്റ് വിഭജന ചര്‍ച്ചകളിലും പ്രതിഫലിയ്ക്കും. ഏഴിനാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗവുമായുള്ള ചര്‍ച്ച.

യുഡിഎഫില്‍ മാത്രമല്ല ഇടതുമുന്നണിയിലും കാര്യങ്ങള്‍ ഭദ്രമല്ല. കഴിഞ്ഞ തവണ തങ്ങളില്‍ നിന്നും പിടിച്ചെടുത്ത സീറ്റുകള്‍ തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് ആര്‍.എസ്.പി രംഗത്തെത്തിയത് പുത്തരിയില്‍ തന്നെ കല്ലുകടിയായിട്ടുണ്ട്. ഇത്തവണ ഏഴു സീറ്റുകള്‍ വേണമെന്നാണ് ആവശ്യമെന്ന് സംസ്ഥാന സെക്രട്ടറി വി. പി. രാമകൃഷ്ണപിള്ള വ്യക്തമാക്കി.

ആലപ്പുഴയിലും കൊല്ലത്തും ഓരോ സീറ്റുകള്‍ വീതം അധികം വേണമെന്നാണ് ആര്‍എസ്പിയുടെ ആവശ്യം. ഉഭയകക്ഷി ചര്‍ച്ചയില്‍ ഈ ആവശ്യം ഉന്നയിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേ സമയം തരഞ്ഞെടുപ്പിനെ വി.എസ് അച്യൂതാനന്ദന്‍ തന്നെ നയിക്കണമെന്ന് വാശിപിടിക്കാന്‍ കഴിയില്ലെന്നും രാമകൃഷ്ണപിള്ള പറഞ്ഞു. തെരഞ്ഞെടുപ്പ് ആരു നയിക്കണമെന്നത് പാര്‍ട്ടികള്‍ കൂടിയാലോചിച്ച് തീരുമാനിക്കും. സര്‍ക്കാരിനെ ഇത്രയും കാലം നല്ലരീതിയില്‍ നയിച്ച വിഎസിനെ ഒഴിവാക്കാന്‍ കഴിയില്ലെന്നും വിപിആര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് വിഭജനം മുന്നണിയ്ക്കുള്ളില്‍ കുഴപ്പമുണ്ടാക്കുമെന്ന സൂചനകള്‍ സിപിഐയും നല്‍കുന്നുണ്ട്. നിയമസഭാ സീറ്റ് വിഭജനംസംബന്ധിച്ച് പരസ്യപ്രസ്താവന പാടില്ലെന്നും ചര്‍ച്ച ചെയ്യേണ്ടത് എല്‍ഡിഎഫ് യോഗത്തിലാണെന്നും സിപിഐ സംസ്ഥാന സെക്രട്ടി ചന്ദ്രപ്പന്റെ പ്രസ്താവന ഇതിന്റെ സൂചനയാണ് നല്‍കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+