യുഎസ് കപ്പല്‍പട ലിബിയയിലേക്ക്

അതേ സമയം കേണല്‍ ഗദ്ദാഫി ഭരണകൂടത്തിനെതിരെയുള്ള ജനകീയ പ്രക്ഷോഭം നിര്‍ണായകഘട്ടത്തിലാണ്. ഗദ്ദാഫി ഭരണകൂടത്തിന് നിയന്ത്രണം നഷ്ടപ്പെട്ട കിഴക്കന്‍ ലിബിയ തിരികെപ്പിടിക്കാനെത്തിയ സൈനികരെ പ്രക്ഷോഭകര്‍ തുരത്തി. ആറ് മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിനുശേഷമാണ് സൈന്യം പിന്‍വാങ്ങിയത്.
ചൊവ്വാഴ്ച മെഡിറ്ററേനിയന്‍ കടലില്‍ പ്രവേശിച്ച യു.എസിന്റെ ആറാം കപ്പല്‍പടയില്‍ കൂറ്റന്‍ പോര്‍വിമാനവാഹിനിയുമുണ്ട്. 700 നാവികരും പോര്‍വിമാനങ്ങളുമായി യു.എസ്.എസ് കീര്‍സാര്‍ജ് എന്ന പടക്കപ്പലാണ് ലിബിയ ലക്ഷ്യമാക്കി നീങ്ങുന്നത്. പ്രകോപനമുണ്ടായില്ലെങ്കില്‍ ലിബിയയെ അക്രമിയ്ക്കാന്‍ യുഎസ് തയ്യാറാവില്ലെന്നാണ് കരുതുന്നത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ചൊവ്വാഴ്ച ഗദ്ദാഫിക്കെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തി. സ്വന്തം ജനതയെ കൂട്ടക്കൊല ചെയ്യുന്ന ഗദ്ദാഫിയുടെ നടപടി ഇനിയും അംഗീകരിക്കാനാവില്ലെന്ന് കാമറൂണ്‍ പറഞ്ഞു. സ്വന്തം ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ച ഗദ്ദാഫിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും പറഞ്ഞു.
അതിനിടെ, ലിബിയയിലെ രാഷട്രീയ പ്രശ്‌നങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം തേടാന്‍ ഗദ്ദാഫിയുടെ സുഹൃത്തും വെനസ്വേല പ്രസിഡന്റുമായ ഹ്യൂഗോ ഷാവേസ് ശ്രമമാരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications