പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും: വിഎസ്

ഇടതുസര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചു. ഇടതുപക്ഷ സര്‍ക്കാരിന്റെ തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ അനുഭവത്തിലുണ്ട്. കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതാക്കി. കാര്‍ഷികമേഖലയിലും വ്യാവസായിക മേഖലയിലും പരമ്പരാഗത തൊഴില്‍ മേഖലയിലും തോട്ടം മേഖലയിലും അസ്വസ്ഥതകള്‍ ഇല്ല.
എല്ലാ തൊഴില്‍മേഖലയിലും ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. ജീവിതപ്രയാസങ്ങള്‍ പരമാവധി ലഘൂകരിക്കാനായി. പാമൊലിന്‍ കേസ് നടത്തിയത് താന്‍ ഒറ്റയ്ക്കാണ്-മുഖ്യമന്ത്രി പറഞ്ഞു. കേസരി സ്മാരക ട്രസ്റ്റിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്നണികള്‍ മാറിമാറി ഭരിക്കുന്ന സമ്പ്രദായമാണ് കേരളത്തിലുള്ളത്. എന്നാല്‍ ഇക്കുറി ഈ സമ്പ്രദായം ആദ്യമായി മാറാന്‍ പോവുകയാണ്. എല്‍ഡിഎഫ് ഇത്തവണ വിജയം ആവര്‍ത്തിക്കും. അഴിമതി ആരോപണങ്ങളും സീറ്റ് വിഭജനം സംബന്ധിച്ച തര്‍ക്കങ്ങളും കാരണം യുഡിഎഫ് ശിഥിലമായി കഴിയുമ്പോള്‍ എല്‍ഡിഎഫ് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണ്.
യുഡിഎഫ് നേതാക്കള്‍ തനിക്ക് ചില പരാതികള്‍ എഴുതിത്തന്നിട്ടുണ്ടെങ്കിലും താന്‍ നോക്കിയിട്ട് അതില്‍ വ്യക്തമായ തെളിവുകള്‍ കണ്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവുകളോടെയാണ് തനിക്ക് പരാതി ലഭിച്ചത്. അതുകൊണ്ടാണ് അത് മുഴുവനായി കേസ് അന്വേഷിക്കുന്ന വിന്‍സന്റ് എം. പോളിന് കൈമാറിയത്.
സ്ത്രീപീഡനക്കേസില്‍ പ്രതികളായവര്‍ക്ക് സീറ്റ് നല്‍കരുതെന്ന എന്റെ നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്നും ചീഫ് വിജിലന്‍സ് കമ്മീഷണറായി പി.ജെ. തോമസിനെ നിയമിച്ച നടപടി സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരവും മറ്റുള്ളവരും രാജിവയ്ക്കണമെന്ന് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications