2ജി അന്വേഷണം: ജെപിസി അധ്യക്ഷനായി പിസി ചാക്കോ
ദില്ലി: 2ജി സ്‌പെക്ട്രം അനുവദിച്ചതിലെ ക്രമക്കേടുകള്‍ അന്വേഷിക്കുന്നതിനായി രൂപികരിച്ച സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി)യുടെ അധ്യക്ഷനായി പി.സി. ചാക്കോ എംപിയെ സ്പീക്കര്‍ മീരാകുമാര്‍ നാമനിര്‍ദേശം ചെയ്തു.
20 ലോക്‌സഭാംഗങ്ങളും 10 രാജ്യസഭാംഗങ്ങളും ഉള്‍പ്പെട്ടതാണു സമിതി. രാജ്യസഭയില്‍ നിന്നു പി.ജെ. കുര്യന്‍ ഉള്‍പ്പെടെ 11 കോണ്‍ഗ്രസ് അംഗങ്ങള്‍ സമിതിയിലുണ്ട്. സമിതി രൂപീകരണകാര്യം ധനമന്ത്രി പ്രണബ് മുഖര്‍ജി നേരത്തേ ലോക്‌സഭയില്‍പ്രഖ്യാപിച്ചിരുന്നുവെങ്കിലും അധ്യക്ഷന്റെ പേര് നിര്‍ദ്ദേശിച്ചിരുന്നില്ല.
ലോക്‌സഭയിലെ പ്രധാന ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ മുന്‍നിരക്കാരനായ ചാക്കോയും പ്രമുഖ നേതാവ് കിഷോര്‍ ചന്ദ്രദേവുമാണു ജെപിസി അധ്യക്ഷപദവിയിലേക്കു പരിഗണനയിലുണ്ടായിരുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ തീരുമാനം അനുകൂലമായതോടെയാണു ചാക്കോയ്ക്കു അവസരം ലഭിച്ചത്.
മികച്ച രാഷ്ട്രീയക്കാരനാണ് ചാക്കോയെങ്കിലും എല്ലാകക്ഷിയില്‍ നിന്നുമായുള്ള മുപ്പതംഗങ്ങള്‍ ഉള്‍പ്പെട്ട സമിതിയെ നയിക്കുകയെന്നത് ഈ രാഷ്ട്രീയക്കാരന് വെല്ലുവിളി തന്നെയാകും. പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തിനൊടുവില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു സമിതിയ്്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. 1998 മുതലുള്ള ടെലികോം നയനിലപാടുകള്‍ സമിതി അന്വേഷിക്കേണ്ടതുണ്ട്.
അടുത്ത സമ്മേളനകാലത്തു തന്നെ അന്വേഷണം പൂര്‍ത്തിയാക്കാനായിരിക്കും തന്റെ ശ്രമമെന്നു ചാക്കോ പറഞ്ഞു. ദേശീയതാല്‍പര്യത്തിനായിരിക്കും മുന്‍ഗണന നല്‍കുക. സമിതിയുടെ ആദ്യയോഗം എത്രയും പെട്ടെന്നു ചേരും. തീയതി ഞായറാഴ്ച തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റ് ചരിത്രത്തിലെ അഞ്ചാം സംയുക്ത സമിതിയാണിത്. ബൊഫോഴ്‌സ് വിവാദം, രണ്ട് ഓഹരി കുംഭകോണങ്ങള്‍, കോളയിലെ കീടനാശിനി എന്നിവയെക്കുറിച്ച് അന്വേഷിക്കാനാണ് മുമ്പ് പാര്‍ലമെന്റ് സമിതികള്‍ രൂപീകരിച്ചത്.












Click it and Unblock the Notifications