പിതാവിന് അസഭ്യവര്‍ഷം; മക്കള്‍ക്ക് കോടതി പിഴയിട്ടു
ദില്ലി: പിതാവിനെ അസഭ്യം പറഞ്ഞ് ആപമാനിച്ച മക്കളെ കോടതി ശിക്ഷിച്ചു. മക്കള്‍ നഷ്ടപരിഹാരമായി രണ്ട് ലക്ഷം രുപ പിതാവിന് നല്‍കണമെന്നാണ് വിചാരണക്കോടതിയുടെ വിധി. കുല്‍ദീപ് സിങ് എന്നയാളാണ് മക്കള്‍ക്കെതിരെ പരാതി നല്‍കിയത്.
ചൂതാട്ടക്കാരന്‍, മദ്യപാനി, പെണ്ണുപിടിയന്‍ തുടങ്ങിയ ആക്ഷേപ വാക്കുകളാണ് മക്കള്‍ തനിക്കെതിരെ ഉപയോഗിച്ചതെന്ന് ഇയാളുടെ പരാതിയില്‍ പറഞ്ഞിരുന്നു. ഹരീന്ദര്‍ സിങ്, ജതീന്ദര്‍ സിങ് എന്നിവരാണ് കല്‍ദീപിന്റെ മക്കള്‍. ഇവര്‍ ഓരോരുത്തരും ഓരോലക്ഷം രൂപവീതമാണ് അച്ഛന് നഷ്ടപരിഹാരം നല്‍കേണ്ടത്.
ഇയാളും മക്കളും തമ്മില്‍ സ്വത്ത് തര്‍ക്കം നിലവിലുണ്ട് ഇതുസംബന്ധിച്ച് കേസുകള്‍ കോടതിയില്‍ നടക്കുന്നുമുണ്ട്. ഈ കേസുകളുമായി ബന്ധപ്പെട്ട് തന്നെ അപമാനിക്കുന്ന രീതിയിലുള്ള പദപ്രയോഗങ്ങള്‍ മക്കള്‍ നടത്തിയെന്ന് ആരോപിച്ചാണ് കുല്‍ദീപ് കോടതിയെ സമീപിച്ചത്. പത്തുലക്ഷം രൂപയായിരുന്നു ഇയാല്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.
2004ലാണ് കുല്‍ദീപ് സിങ് പരാതി നല്‍കിയത്. എന്നാല്‍ വാദത്തിനിടെ പിതാവ് മദ്യപാനിയാണെന്നും പരസ്ത്രീകളുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നും മക്കള്‍ വാദിച്ചു.
എന്നാല്‍ പിതാവിന്റെ സ്വഭാവം മോശമാണെന്ന് ചിത്രീകരിച്ച് സ്വത്ത് മുഴുവന്‍ കൈക്കലാക്കാനാണ് മക്കള്‍ പദ്ധതിയിടുന്നതെന്ന് കോടതിക്ക് ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് പിഴ ശിക്ഷ വിധിച്ചതെന്ന് കോടതി വ്യക്തമാക്കി.












Click it and Unblock the Notifications