ജപ്പാന്‍ സുനാമി: മരണം 1000 കടന്നു

ആയിരത്തിലധികം പേര്‍ മരിച്ചതായാണ് പ്രാഥമിക കണക്കുകള്‍. ഭൂകമ്പവും സൂനാമിയും കനത്ത പ്രഹരമേല്‍പിച്ച സെന്‍ദായ് തുറമുഖത്തിന് സമീപത്തുനിന്നുതന്നെ മുന്നൂറോളം മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഒട്ടേറെപ്പേരെ കാണാതായിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചക്ക് 2.45നാണ് (ഇന്ത്യന്‍ സമയം രാവിലെ 11.15) മാപിനിയില്‍ 8.9 രേഖപ്പെടുത്തിയ ഭൂകമ്പവും സുനാമിയും ജപ്പാനെ പിടിച്ചുലച്ചത്.
കപ്പലും തീവണ്ടിയും വീടുകളും കാറുകളും നിര്‍ത്തിയിട്ടിരുന്ന വിമാനങ്ങളും അടക്കം മുന്നിലുള്ളതെല്ലാം തുടച്ചുനീക്കിയാണ് പ്രളയജലം ഒഴുകിയത്. തീരത്തുനിന്ന് 400 കിലോമീറ്ററാണ് കരയിലേക്ക് കടല്‍ കടന്നുവന്നത്. ഒട്ടനവധി പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും വീടുകള്‍ അഗ്‌നിയില്‍ മുങ്ങാനും കാരണമായി.
ആദ്യത്തേതിന് ശേഷം എട്ട് തുടര്‍ചലനങ്ങളുമുണ്ടായി. ഇതില്‍ ഏറ്റവും ശക്തം 40 മിനിറ്റിന് ശേഷമായിരുന്നു. 7.1 ആണ് ഇത് മാപിനിയില്‍ രേഖപ്പെടുത്തിയത്. ഫുകുഷിമയിലെ ആണവ പ്ലാന്റില്‍ ഭൂകമ്പത്തെത്തുടര്‍ന്ന് ശീതീകരണ സംവിധാനം തകരാറിലായത് പരിഭ്രാന്തി പരത്തിയിരുന്നു. പ്ലാന്റിന് സമീപത്തുനിന്ന് ഉടനടി മൂവായിത്തിലേറെപ്പേരെ ഒഴിപ്പിച്ചു. രാജ്യത്ത് ആണവ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.
നൂറ് പേരെയുമായി യാത്രയിലായിരുന്ന ഒരു കപ്പല്‍ സൂനാമിത്തിരകളില്‍ കാണാതായി. മിയാഗിയില്‍ ഒരു യാത്രാ ട്രെയിന്‍ കാണാതായി. പുറങ്കടലില്‍ നങ്കൂരമിട്ടിരുന്ന കപ്പലുകളെ സൂനാമിത്തിരകള്‍ പൊക്കിയെടുത്ത് തീരത്തടിച്ചിട്ടുണ്ട്.












Click it and Unblock the Notifications