ഇന്‍ഫി ജപ്പാനിലുള്ള ജീവനക്കാരെ തിരിച്ചുവിളിച്ചു
ദില്ലി: പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസ് ജപ്പാനിലുള്ള തങ്ങളുടെ ജീവനക്കാരെ തിരിച്ചുവിളിച്ചു. നാശം വിതച്ച സുനാമിയ്ക്ക് പിന്നാലെ ജപ്പാനില്‍ ആണവദുരന്ത ഭീഷണി കൂടി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്.
ജപ്പാനില്‍ വിവിധ പ്രോജക്ടുകളിലായി ജോലി ചെയ്യുന്ന 500ഓളം പേരെയാണ് കമ്പനി മടക്കിവിളിച്ചത്. അടുത്ത ഒന്നു രണ്ട് ദിവസത്തിനുള്ളില്‍ ജപ്പാനിലെ മുഴുവന്‍ ജീവനക്കാരും ഇന്ത്യയിലേക്ക് മടങ്ങിയെത്തുമെന്ന് ഇന്‍ഫോസിസിന്റെ എച്ച്.ആര്‍ വിഭാഗം മേധാവി മോഹന്‍ദാസ് പൈ പറഞ്ഞു.
ജപ്പാനില്‍ ടോക്യോയിലാണ് ഇന്‍ഫോസിസിന്റെ മുഖ്യഓഫീസ്. കൂടാതെ മറ്റു ചില നഗരങ്ങളിലും ജീവനക്കാരുണ്ട്. ജീവനക്കാരെ തിരിച്ചുവിളിക്കുന്നത് മൂലം വലിയ സാന്പത്തിക ബാധ്യതയൊന്നും ഉണ്ടാകില്ലെന്നും കന്പനി വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇന്ത്യയില്‍ നിന്നുള്ള മറ്റു പ്രമുഖ ഐടി കമ്പനികളായ ടിസിഎസ്, വിപ്രോ എന്നിവ ജപ്പാനിലെ തങ്ങളുടെ ജീവനക്കാര്‍ സുരക്ഷിതരാണെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനിടെ ജപ്പാനിലുള്ള 25,000 ഇന്ത്യക്കാരുടെ നില സുരക്ഷിതമാണെന്ന് വിദേശകാര്യമന്ത്രി എസ്എം കൃഷ്ണയും അറിയിച്ചിട്ടുണ്ട്.
ടോക്കിയോയിലും സമീപപ്രദേശങ്ങളിലുമാണ് ഇന്ത്യക്കാരുളളത്. അവരുമായി അംബാസഡര്‍ നിരന്തര ബന്ധം പുലര്‍ത്തുന്നുണ്ട്. സഹായത്തിന് ഏതു സമയത്തും അവര്‍ക്ക് ഇന്ത്യന്‍ എംബസിയെ സമീപീക്കാമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
ഇതിനിടെ ഫുകുഷിമ ആണവനിലയത്തിലെ ഒന്നാം റിയാക്ടറില്‍ വീണ്ടും സ്‌ഫോടനമുണ്ടായതോടെ ജപ്പാനില്‍ സ്ഥിതിഗതികള്‍ വീണ്ടും വഷളാവുകയാണ്. നിലയം വിടാന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒപ്പം വീടന് പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications