പിജെ തോമസിന്റെ നിയമനം രാഷ്ട്രപതി റദ്ദാക്കി

തോമസിന്റെ നിയമനം നിയമവിരുദ്ധമാണെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് രാഷ്ട്രപതി ഉത്തരവ് ഇറക്കിയത്.
തന്നെ സിവിസി സ്ഥാനത്തുനിന്നു നീക്കിയ സുപ്രീംകോടതി വിധിക്കെതിരേ തോമസ് റിവ്യു ഹര്‍ജി നല്‍കാനിരിക്കെയാണ് രാഷ്ട്രപതിയുടെ ഉത്തരവ് പുറത്തുവന്നത്. തന്റെ നിയമനത്തിനു സാധുതയില്ലെന്നു വിധി വന്നിട്ടും രാജിവയ്ക്കാന്‍ അദ്ദേഹം കൂട്ടാക്കിയിരുന്നില്ല.
രാഷ്ട്രപതി ഉത്തരവിട്ടാല്‍ മാത്രമേ സിവിസിയെ നീക്കാന്‍ കഴിയൂ എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം സ്ഥാനത്തു തുടര്‍ന്നത്.
2010 സെപ്റ്റംബര്‍ ഏഴിനാണ് പ്രധാനമന്ത്രി ഡോക്ടര്‍ മന്‍മോഹന്‍ സിംഗ് അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം, ലോക്‌സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് എന്നിവര്‍ അംഗങ്ങളുമായ സമിതി തോമസിനെ സിവിസിയായി നിയമിച്ചത്.
കേരളത്തിലെ പാമോയില്‍ ഇടപാടു കേസില്‍ കുറ്റാരോപിതനാണു തോമസ് എന്നു ചൂണ്ടിക്കാട്ടി സുഷമ ഉന്നയിച്ച വിയോജിപ്പ് മറികടന്നായിരുന്നു സമിതിയുടെ ഭൂരിപക്ഷ തീരുമാനം.
ഏറെവൈകാതെ തോമസിന്റെ നിയമനം ചോദ്യം ചെയ്യപ്പെട്ടു. പാമോയില്‍ കേസില്‍ തോമസിനെതിരേയുള്ള കുറ്റപത്രം ചൂണ്ടിക്കാട്ടി സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ എന്ന സംഘടനയും മുന്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ജെ.എം. ലിംഗ്‌ദോയും സുപ്രീം കോടതിയെ സമീപിച്ചു.
ഇതോടെ വെട്ടിലായ കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും തോമസ് രാജിക്കു വഴങ്ങിയില്ല. സ്‌പെക്ട്രം കേസില്‍ സിബിഐ അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതലയില്‍നിന്ന് ഒഴിഞ്ഞുനിന്നുകൊണ്ട് പദവിയില്‍ തുടരാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.
കോടതികള്‍ താന്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയിട്ടില്ലെന്നും രാഷ്ട്രീയ വൈരത്തിനു താന്‍ ഇരയാകുകയായിരുന്നെന്നും കേന്ദ്ര സെക്രട്ടറിയായി നിയമിതനായ ഘട്ടത്തില്‍ അന്നത്തെ സിവിസിയുടെ ക്ലിയറന്‍സ് ലഭിച്ചിരുന്നെന്നുമുള്ള തോമസിന്റെ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് ഏതാനും നാളുകള്‍ക്ക് മുമ്പ് സിവിസി നിയമനം നിയമവിധേയമല്ലെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചത്.












Click it and Unblock the Notifications