ഇനി വിഎസ് വിപ്ലവമില്ല

നിയമസഭാ തിരഞ്ഞെടുപ്പിന് സിപിഎം ഒരുങ്ങുമ്പോള്‍ പാര്‍ട്ടിയെ നയിക്കാന്‍ വിഎസ് ഉണ്ടാകുമെന്ന് പ്രതിപക്ഷം മാത്രമല്ല കേരളജനതയും കരുതിയിരുന്നത്. എന്നാല്‍ ഇത് പാര്‍ട്ടി വെറെയാണെന്ന് തെളിയിച്ചുകൊണ്ടാണ് സിപിഎം ഇപ്പോള്‍ കടുത്ത തീരുമാനത്തിലെത്തിയിരിക്കുന്നത്. ഇങ്ങനെയൊരു ചങ്കൂറ്റം പ്രകടിപ്പിയ്ക്കാന്‍ സിപിഎം തയാറായത് പ്രതിപക്ഷത്തെ പോലും അദ്ഭുതപ്പെടുത്തുന്നുണ്ടാവും.
രണ്ട് മാസം മുമ്പ് വരെ വിഎസിന്റെ സ്ഥാനാര്‍ഥിത്വം ആരും ചര്‍ച്ച ചെയ്തിരുന്നില്ല. അഞ്ച് വര്‍ഷം പാര്‍ട്ടിയെ വെള്ളം കുടിപ്പിച്ച മുതിര്‍ന്ന സഖാവിനെ കൂടി ചുമലിലേറ്റുന്ന കാര്യം പാര്‍ട്ടിയ്ക്ക് അപ്പോള്‍ ചിന്തിയ്ക്കാന്‍ കഴിയില്ലായിരുന്നു. എന്നാല്‍ ഇടമലയാറും ഐസ്‌ക്രീം കേസും ഏറ്റവുമൊടുവില്‍ പാമോയില്‍ കേസുമെല്ലാം വിഎസിന്റെ ഗ്ലാമര്‍ പരിവേഷം തിരിച്ചു കൊണ്ടുവന്നു. പുതിയ സാഹചര്യത്തില്‍ വിഎസ് തിരിച്ചുവരുമെന്ന് തന്നെ ഈ ഘട്ടത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരും വലിയൊരു ജനവിഭാഗവും പ്രതീക്ഷിച്ചിരുന്നു.
എന്നാല്‍ അഴിമതിക്കേസുകളിലെ വിജയവുംപോരാട്ടങ്ങളുമെല്ലാം തന്റേതാക്കി മാറ്റാനാണ് വിഎസ് എന്നും ശ്രമിച്ചിരുന്നത്. ഇതാണ് പാര്‍ട്ടി നേതൃത്വത്തെ പ്രകോപിപ്പിച്ചതെന്ന് വ്യക്തം. തന്റേത് ഒറ്റയാള്‍ പോരാട്ടങ്ങളാണെന്നും പാര്‍ട്ടിയ്ക്കതില്‍ പങ്കില്ലെന്ന് അടിവരയിട്ട് പറയാന്‍ വിഎസ് പലപ്പോഴും തുനിഞ്ഞിരുന്നു. സ്വന്തം വ്യക്തിത്വം ഉയര്‍ത്തുന്ന നേതാവിനെ ഇനിയും ചുമക്കേണ്ടെന്ന നിലപാടില്‍ സിപിഎമ്മിനെ എത്തിച്ചത് അതാണ്.
വിഎസിന് വേണ്ടി പാര്‍ട്ടി പ്രവര്‍ത്തകരും ജനവും തെരുവിലിറങ്ങുമോയെന്നാണ് രാഷ്ട്രീയ കേരളം ഇപ്പോള്‍. ഉറ്റുനോക്കുന്നത്. 2006ലെ പോലെ ഇല്ലെങ്കിലും വിഎസിന് വേണ്ടി വാദിയ്ക്കാനും അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാദം രംഗത്തുവരുമെന്ന് ഉറപ്പാണ്. എന്നാല്‍ താരതമ്യേന ദുര്‍ബലമായ പ്രതിഷേധത്തെ വകവെച്ചുകൊടുക്കാന്‍ സിപിഎം തയാറാവില്ല. വ്യക്തിയല്ല പാര്‍ട്ടിയാണ് വലുതെന്ന സന്ദേശമായിരിക്കും സിപിഎം ഇതിലൂടെ നല്‍കുന്നത്.
വിഎസില്ലെങ്കില്‍ തിരിച്ചടി ഉണ്ടാവുമെന്ന റിപ്പോര്‍ട്ടുകള്‍ വകവെച്ചു കൊടുക്കേണ്ടെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ മാരത്തണ്‍ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞിരിയ്ക്കുന്നത്. പ്രതിപക്ഷത്തിരിയ്‌ക്കേണ്ടി വന്നാലും ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് കീഴ്‌പ്പെടേണ്ടെന്ന കടുത്ത തീരുമാനം പാര്‍ട്ടി സംസ്ഥാന നേതൃത്വം തീരുമാനിച്ചിരിയ്ക്കുന്നത്. വിഎസിന് ശേഷമുള്ള കാലം അതാണ് പുതിയ തീരുമാനത്തിലൂടെ പാര്‍ട്ടി ലക്ഷ്യമിടുന്നത്.
പാര്‍ട്ടിയില്‍ പണ്ടേ ദുര്‍ബലനായ വിഎസ് അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടുമ്പോള്‍ ഇനിയെന്ത് ചെയ്യും? പാര്‍ട്ടി വിടുകയെന്ന മണ്ടത്തരത്തിനൊന്നും വിഎസ് തുനിയില്ല. ദുര്‍ബലമാണെങ്കിലും പാര്‍ട്ടിയ്ക്കുള്ളില്‍ നിന്ന് പോരാടാന്‍ തന്നെയാവും അദ്ദേഹത്തിന്റെ ശ്രമം. അത് എത്രത്തോളം വിജയിക്കുമെന്ന് കണ്ടുതന്നെ അറിയണം.












Click it and Unblock the Notifications