വിഎസിന് വേണ്ടി ജില്ലാക്കമിറ്റികളില്‍ മുറവിളി

സംസ്ഥാനസമിതി തീരുമാനം റിപ്പോര്‍ട്ട് ചെയ്യാന്‍ വിളിച്ചുചേര്‍ത്ത ജില്ലാകമ്മിറ്റി യോഗങ്ങളിലായിരുന്നു പക്ഷംമറന്ന് അംഗങ്ങള്‍ സംസ്ഥാന തീരുമാനത്തെ വിമര്‍ശിച്ചത്. ആരോഗ്യപ്രശ്‌നം മൂലം മത്സരരംഗത്തു നിന്നും വിട്ടുനില്‍ക്കാന്‍ വി.എസ് തീരുമാനിക്കുകയായിരുന്നുവെന്നാണ് സെക്രട്ടേറിയറ്റംഗങ്ങള്‍ ജില്ലാകമ്മിറ്റികളില്‍ റിപ്പോര്‍ട്ട് ചെയ്തത്.
കേന്ദ്രകമ്മിറ്റിയുടെ അറിവോടെയാണ് സീറ്റ് നിഷേധിച്ചതെന്നും ഇത്തരം മണ്ടന്‍ തീരുമാനങ്ങള്‍ക്ക് ഉന്നതനേതാക്കള്‍ കൂട്ടുനില്‍ക്കരുതായിരുന്നെന്നും പത്തനംതിട്ട ജില്ലാക്കമ്മിറ്റിയില്‍ അഭിപ്രായമുയര്‍ന്നു.
കൊല്ലം ജില്ലാ കമ്മിറ്റിയിലെ ബഹുഭൂരിപക്ഷം അംഗങ്ങളും വി.എസ് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലും ജില്ലാ കമ്മിറ്റിയിലും വി.എസ്. അച്യുതാനന്ദന് അനുകൂലമായി ചില അംഗങ്ങള്‍ രംഗത്തുവന്നു. സെക്രട്ടേറിയറ്റ് യോഗത്തില്‍ എന്‍.വി. ബേബിയും മറ്റൊരു അംഗവുമാണ് ഇക്കാര്യം ഉയര്‍ത്തിയതെന്നാണ് സൂചന.
വിഎസിന്റെ സ്ഥാനാര്‍ഥിത്വം വീണ്ടും ചര്‍ച്ചചെയ്യണമെന്നു പി.ബി. ഇടപെടണമെന്നും പികെ ശ്രീമതിയുടെ സാന്നിധ്യത്തില്‍ചേര്‍ന്ന കണ്ണൂര്‍ ജില്ലാകമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നു. കൂത്തുപറമ്പ് ഐ.എന്‍.എല്ലിനു വിട്ടുകൊടുത്തതിനോടും യോഗത്തില്‍ എതിര്‍പ്പുയര്‍ന്നു.
അതേ സമയം ഭരണം ലഭിച്ചില്ലെങ്കിലും വി.എസിനെ മത്സരിപ്പിക്കരുതെന്ന് ജില്ലാക്കമ്മിറ്റികളില്‍ ആവശ്യപ്പെട്ടവരും കുറവല്ല. പാര്‍ട്ടി അച്ചടക്കമാണു പ്രധാനം. വിഎസ് അനുകൂല പ്രകടനം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications