ജപ്പാനില്‍ കടല്‍വെള്ളത്തിലും ആണവവികിരണം

വെള്ളത്തില്‍ സുരക്ഷിതനിലയിലും കൂടുതല്‍ വികിരണമുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ നിലയം നടത്തിപ്പുകാരായ ടോക്കിയോ ഇലക്ട്രിക് പവര്‍ കമ്പനി(ടെപ്‌കോ) ഇതേക്കുറിച്ച് അന്വേഷണം തുടങ്ങി. കടല്‍ വെള്ളത്തിലെ വികിരണത്തിന്റെ തോത് അളന്ന് വ്യാഴാഴ്ച ഫലം അറിയിക്കണമെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ജപ്പാനോട് നിര്‍ദേശിച്ചിരിക്കുകയാണ്.
എട്ടിടങ്ങളില്‍ നിന്ന് ജലം ശേഖരിച്ച് പരിശോധിക്കാനാണ് നിര്‍ദേശം. നേരത്തേ പച്ചക്കറികളിലും പാലിലും പൈപ്പ് വെള്ളത്തിലും വികിരണബാധ കണ്ടെത്തിയിരുന്നു.
ഇതിനിടെ നിലയത്തിലെ രണ്ടും മൂന്നും റിയാക്ടറുകളില്‍ നിന്ന് വെള്ളപ്പുക ഉയരുന്നത് ചൊവ്വാഴ്ചയും തുടര്‍ന്നു. ഈ പുക നീരാവിയാണെന്നാണ് ടെപ്‌കോ അധികൃതര്‍ പറയുന്നത്. ആണവ നിലയത്തില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനും റിയാക്ടറുകള്‍ തണുപ്പിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
റിയാക്ടറുകളില്‍ വൈദ്യുതി കേബിളുകള്‍ പിടിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും വൈദ്യുതി പ്രവാഹം പൂര്‍ണതോതില്‍ പുനഃസ്ഥാപിക്കാനായിട്ടില്ല. രണ്ടും മുന്നും റിയാക്ടറുകളില്‍ നിന്ന് പുകയുയര്‍ന്നതുമൂലം നിര്‍ത്തിവെച്ച പ്രവര്‍ത്തനങ്ങള്‍ ബുധനാഴ്ച രാവിലെ വീണ്ടും തുടങ്ങിയിട്ടുണ്ട്.
പുകയുയരുന്നത് ആണവവികിരണ ഭീതി കൂട്ടിയിട്ടുണ്ട്. എന്നാല്‍ വികിരണ തോത് കൂടിയിട്ടില്ലെന്നും മുന്‍ നിലയില്‍ തന്നെ നില്‍ക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ചൈന, തായ്‌വാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ അറിയിച്ചു.
റിയാക്ടറുകളിലെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചെങ്കിലും ശീതീകരണ സംവിധാനവും നിരീക്ഷണ സംവിധാനവും പ്രവര്‍ത്തിപ്പിക്കാനാവശ്യമായ തരത്തില്‍ വൈദ്യുതി എത്തിക്കാനായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.
നിലയത്തിലെ സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ ജപ്പാന്‍ അമേരിക്കന്‍ സേനയുടെ സഹായം തേടിയിരിക്കുകയാണ്. സ്ഥിതി അതികഠിനമാണെന്ന് വ്യവസായ മന്ത്രി ബന്‍രി കയീദ പറഞ്ഞു. ആണവ നിലയം അടച്ചിരിക്കുന്നതിനാല്‍ ജപ്പാനില്‍ വൈദ്യുതി ദൗര്‍ലഭ്യം തുടരുകയാണ്.












Click it and Unblock the Notifications