അശ്ലീലമയച്ചാല്‍ അഴിയെണ്ണാം
ദില്ലി: മൊബൈലില്‍ നിന്നും അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അടങ്ങുന്ന മള്‍ട്ടി മീഡിയ മെസേജുകള്‍ അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഈ കേസില്‍ കുടങ്ങിയാല്‍ മൂന്ന് വര്‍ഷം വരെ തടവും അരലക്ഷം രൂപ വരെ പിഴയുമാണ് കുറ്റവാളികളെ കാത്തിരിയ്ക്കുന്നത്.
സ്ത്രീകളെ അശ്ലീലമായി ചിത്രീകരിയ്ക്കുന്ന സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്കെതിരെ നിയമം കര്‍ക്കശമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിയ്ക്കുന്നത്. ഇന്‍ഡീസന്റ് റപ്രസന്റേഷന്‍ ഓഫ് വിമന്‍(പ്രൊഹിബിഷന്‍) അമന്‍മെന്റ് ബില്‍ കൊണ്ടുവരുന്നത് വനിതാ ശിശു വികസന മന്ത്രാലയമാണ്. ദൃശ്യ അച്ചടി മാധ്യമങ്ങളില്‍ വരുന്ന ചിത്രങ്ങള്‍, ദൃശ്യങ്ങള്‍ പരസ്യങ്ങള്‍ തുടങ്ങിയവ എല്ലാം നിയമത്തിന്റെ പരിധിയില്‍ വരും.
അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്ക് മൂന്നു വര്‍ഷം തടവും രണ്ടായിരം രൂപ മുതല്‍ അരലക്ഷം വരെ പിഴയും ചുമത്താനാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. നിയമമനുസരിച്ച ഇന്‍ബോക്‌സിലേക്ക് വരുന്ന മെസ്സേജ് ഫോര്‍വേഡ് ചെയ്യുന്നവരും കുറ്റക്കാരാണ്. കൂട്ടുകാരനല്ലേയെന്ന് കരുതി അശ്ലീലസന്ദേശങ്ങള്‍ അയക്കുന്നവരും ശ്രദ്ധിയ്ക്കുക, കൂട്ട് തെറ്റിയാല്‍ ഇതേ സന്ദേശം വെച്ച് കുടുക്കാന്‍ പഴയ സുഹൃത്തിന് എളുപ്പമാണ്.
അശ്ലീലം ഏതുമാധ്യമത്തിലൂടെയും വിതരണം ചെയ്താലും പിടിമുറുകും. ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തുവെന്ന് മാത്രം പറഞ്ഞ് ഒഴിയാന്‍ ഇനിയാര്‍ക്കുമാവില്ല. അപ്‌ലോഡ് ചെയ്ത കണ്ടന്റ് അയച്ചുകൊടുത്തില്ലെന്ന് പറഞ്ഞാന്‍ തലയൂരാന്‍ ആവില്ലെന്ന് ചുരുക്കം. നോട്ടീസ്, ലേബല്‍ എന്നീ രൂപങ്ങളിലും അശ്ലീലം അനുവദിക്കില്ല. ലേസല്‍ബീം, പുക,ശബ്ദം, തുടങ്ങിയവ ഉപയോഗിച്ച് അശ്ലീലദൃശ്യങ്ങള്‍ സൃഷ്ടിച്ചാലും നിമയക്കുരുക്കിലകപ്പെടും.
ഒരാള്‍ തന്നെ രണ്ടാം തവണയും കുറ്റം ചെയ്തതായി തെളിഞ്ഞാല്‍ ശിക്ഷ കഠിനമാവും. അഞ്ചു വര്‍ഷം തടവും അരലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ പിഴയുമാണ് ശിക്ഷ. ഐ.ടി ആക്ട് ഉണ്ടെങ്കിലും അതില്‍ പഴുതുകള്‍ ഉള്ളതിനാലാണ് പുതിയ നിയമം കൊണ്ടുവരുന്നത്. നിയമത്തിന്റെ കരട് എല്ലാ മന്ത്രാലയങ്ങള്‍ക്കും അയച്ചിട്ടുണ്ട്. അവരുടെ അഭിപ്രായം കൂടി ലഭിച്ച ശേഷം കേന്ദ്ര മന്ത്രി സഭയ്ക്ക് സമര്‍പ്പിക്കും.












Click it and Unblock the Notifications