തെലുങ്ക് സിനിമാതാരങ്ങളുടെ വീടുകളില്‍ ഐ.ടി റെയ്ഡ്
ഹൈദരാബാദ്: തെലുങ്ക് സിനിമാ നടന്മാരുടെ വീടുകളില്‍ ആദായ നികുതി വകുപ്പ് മാര്‍ച്ച് 24 വ്യാഴാഴ്ച റെയ്ഡ് നടത്തി. സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന, യുവ നായകനടന്‍ രവി തേജ, പ്രശസ്ത യുവനായിക അനുഷ്‌ക, നിര്‍മാതാവ് ശിവപ്രസാദറെഡ്ഡി എന്നിവരുടെയും ഏറെക്കാലം നായക നടനായിരുന്ന അഖിനേനി നാഗേശ്വരറാവുവിന്റെയും വീടുകളിലും ഓഫീസുകളിലുമായിരുന്നു റെയ്ഡ്.
ആന്ധ്ര പ്രദേശിലെ രണ്ടാമത്തെ പ്രധാന നഗരമായ വിശാഖപട്ടണത്ത് നടന്ന വന്‍ ഭൂമി ഇടപാടുകളില്‍ ചലച്ചിത്ര നടീനടന്മാര്‍ക്ക് പങ്ക് ഉണ്ടെന്ന സംശയത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്.
ഹൈദരാബാദിലും വിശാഖപട്ടണത്തും നാഗാര്‍ജുനയും അനുഷ്‌കയും നടത്തിയ ഭൂമി ഇടപാടുകള്‍ ആദായനികുതി റിട്ടേണ്‍സില്‍ കാണിക്കാത്തതിനെത്തുടര്‍ന്നാണ് റെയ്ഡെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.
ഹൈദരാബാദിലെ ഐടി പാര്‍ക്കായ ഹൈടെക് സിറ്റിക്കടുത്ത് എന്‍. കണ്‍വെന്‍ഷന്‍ സെന്‍ററും ബാറും റസ്റ്റോറന്‍റും നാഗാര്‍ജുന ആരംഭിച്ചത് ആദായനികുതി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടു. അനുഷ്ക ഷെട്ടി വിശാഖപട്ടണത്തിലെ മധുരവാഡ-ദീമിലി ബീച്ചില്‍ 56 കോടി രൂപയുടെ സ്ഥലം വാങ്ങി. അത് ഐ.ടി. റിട്ടേണില്‍ കാണിച്ചിട്ടില്ല.
തെലുങ്കാന സംസ്ഥാനം രൂപീകരിയ്ക്കപ്പെട്ടാല്‍ ആന്ധ്ര പ്രദേശിന്റെ തലസ്ഥാനമാവാന്‍ സാദ്ധ്യതയുള്ള നഗരം വിശാഖപട്ടണണാണ്. ഇതാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ഈ നഗരത്തോട് പ്രേമം തോന്നാന്‍ കാരണം.
കഴിഞ്ഞ ചില വര്‍ഷങ്ങള്‍ക്കിടയില്‍ അനുഷ്‌ക 30 തെലുങ്ക്, തമിഴ് ചിത്രങ്ങളിലഭിനയിച്ചു. മിക്കവയും ഹിറ്റായിരുന്നു. മംഗലാപുരത്തുകാരിയായ അനുഷ്‌കയുടെ ചിത്രങ്ങള്‍ ഹിറ്റായതിനെത്തുടര്‍ന്ന് ഒരു ചിത്രത്തിന് ഇവര്‍ ഒരു കോടി രൂപ പ്രതിഫലം വാങ്ങുന്നതായി സൂചനയുണ്ടായിരുന്നു.
നടീനടന്മാര്‍ ഇവര്‍ കൈയിലിരിക്കുന്ന കണക്കില്‍ കാണിയ്ക്കാത്ത പണം കൊണ്ടാണ് ഭൂമിയും മറ്റും വാങ്ങിക്കൂട്ടുന്നാണ് അധികൃതരുടെ കണ്ടെത്തല്‍.
നടന്‍ നാഗാര്‍ജുനക്കും പിതാവ് അഖിനേനി നാഗേശ്വരറാവുവിനും ഹൈദരാബാദില്‍ കൂറ്റന്‍ ബംഗ്ലാവുകള്‍ കൂടാതെ അനേകം ഏക്കറുള്ള അന്നപൂര്‍ണ സ്റ്റുഡിയോയും ബിസിനസ്സ് ശൃംഖലകളുമുണ്ട്. മുന്‍കാല നടി അമലയാണ് ഭാര്യ. ഇദ്ദേഹത്തിന്റെ മരുമകന്‍ സുമന്തും യുവനായകനാണ്. നിര്‍മാതാവ് ബി. ശിവപ്രസാദറെഡ്ഡിയുടെ കാമാക്ഷി മൂവീസ് ഓഫീസിലും റെയ്ഡ് നടന്നു. നാഗാര്‍ജുനയുടെയും നാഗേശ്വരറാവുവിന്റെയും വീട്ടിലും അന്നപൂര്‍ണ സ്റ്റുഡിയോ ഓഫീസിലും രണ്ടുദിവസമായി റെയ്ഡ് നടക്കുകയാണ്. ഇവരുടെ ബാങ്ക് ലോക്കറുകള്‍ മരവിപ്പിയ്ക്കാന്‍ ഉത്തരവായിട്ടുണ്ട്.
നാഗാര്‍ജുനയുടെ ഈയിടെ ഇറങ്ങിയ ചിത്രം 'റഗഡ' റിലീസ് ചെയ്ത പതിനഞ്ചുദിവസങ്ങള്‍ക്കുള്ളില്‍ 19.17 കോടിയാണ് വാരിക്കൂട്ടിയത്.
പ്രതിഫലം പണമായി വാങ്ങുന്നതിനുപകരം നാഗാര്‍ജുന തെലുങ്കാനാ മേഖലയിലെ വിതരണാവകാശവും ആദായവുമാണ് പ്രതിഫലമായി വാങ്ങുന്നത്. രവിതേജയുടെയും ഈയിടെയിറങ്ങിയ ചിത്രങ്ങളൊക്കെ ഹിറ്റായിരുന്നു.












Click it and Unblock the Notifications