രാഷ്ട്രീയക്കാര്‍ ബോഡി കാണിക്കരുത്: സുധാകരന്‍
ആലപ്പുഴ: രാഷ്ട്രീയക്കാര്‍ ക്ഷേത്രങ്ങളില്‍ പോകുമ്പോള്‍ ജനറല്‍ ബോഡി കാണിക്കരുതെന്ന് അമ്പലപ്പുഴയിലെ സിപിഎം സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ ജി സുധാകരന്‍. കേന്ദ്രമന്ത്രി കെസി വേണുഗോപാല്‍ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രസിദ്ധമായ നാടകശാല സദ്യയുണ്ണാന്‍ എത്തിയതിനെ വിമര്‍ശിച്ചുകൊണ്ടാായിരുന്നു സുധാകരന്റെ പരാമര്‍ശം.
എന്നാല്‍ ആയിരക്കണക്കിന് ആളുകള്‍ക്കൊപ്പം ഇലയിട്ടു സദ്യയുണ്ടതിനെ സുധാകരന്‍ വിമര്‍ശിക്കുന്നത് ഭയം കൊണ്ടാണെന്ന് വേണുഗോപാല്‍ തിരിച്ചടിച്ചു.
അമ്പലപ്പുഴ ക്ഷേത്രത്തിലെ ഒന്‍പതാം ഉല്‍സവമായ തിങ്കളാഴ്ചയായിരുന്നു നാടകശാല സദ്യ ചടങ്ങ്. സദ്യ ഉത്ഘാടനം ചെയ്യാന്‍ ക്ഷേത്രം ഭാരവാഹികള്‍ കെ.സി. വേണുഗോപാലിനെ ക്ഷണിച്ചിരുന്നു. ചെല്ലാമെന്നു കേന്ദ്രമന്ത്രിയും സമ്മതിച്ചു. പക്ഷേ സദ്യ ഉദ്ഘാടനം ചെയ്യുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാരോപിച്ചു തിങ്കളാഴ്ച രാവിലെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ അധികൃതര്‍ക്കു പരാതി നല്‍കി.
ഇതേ തുടര്‍ന്ന് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്നു തീരുമാനിച്ച കേന്ദ്രമന്ത്രി, കസവുമുണ്ടും മേല്‍മുണ്ടും ധരിച്ചു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം ഭക്തര്‍ക്കൊപ്പം നിലത്ത് ഇലയിട്ടിരുന്നു സദ്യയുണ്ടു. ഇതിനെതിരെയാണ് വേണുഗോപാലിന്റെ പേരെടുത്തു പറയാതെ ജി. സുധാകരന്‍ രംഗത്തെത്തിയത്.
രാഷ്ട്രീയക്കാര്‍ 'ജനറല്‍ ബോഡി കാണിച്ച് ക്ഷേത്രങ്ങളില്‍ പോയത് ശരിയായില്ലെന്നും ഇത് രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണെന്നുമാണ് സുധാകരന്‍ ആരോപിക്കുന്നത്.
ദൈവത്തിന് ആരോടും പക്ഷഭേദമില്ല, ജാതി പിടിച്ചു വോട്ടു പിടിക്കേണ്ട, അമ്പലപ്പുഴ നാടകശാല സദ്യ വിളമ്പല്‍ ഉദ്ഘാടനത്തിന് എന്നെ വിളിച്ചിട്ട് ഞാന്‍ പോയില്ല. ഇങ്ങനെ രാഷ്ട്രീയക്കാര്‍ എല്ലാവരും കൂടി അമ്പലത്തില്‍ ചെന്നാല്‍ പാവം ഭക്തജനങ്ങള്‍ എന്തു ചെയ്യും. അവര്‍ നല്ല സദ്യയും പായസവും പ്രതീക്ഷിച്ചു വരുന്നവരല്ലേ - സുധാകരന്‍ ചോദിച്ചു.
ഒരു സുപ്രഭാതത്തില്‍ ക്ഷേത്ര ദര്‍ശനത്തിനു പോയയാളല്ല താനെന്നും. പതിവായി അമ്പലങ്ങളില്‍ പോകാറുണ്ടെന്നും വേണുഗോപാല്‍ പറയുന്നു. ക്ഷേത്രത്തിലെ സദ്യയുണ്ണുന്നത് തന്റെ വിശ്വാസ സ്വാതന്ത്ര്യമാണെന്നും അദ്ദേഹം വാദിക്കുന്നു.
മുന്‍ ദേവസ്വം മന്ത്രി കൂടിയായ സുധാകരന്‍ ആരാധനാലയങ്ങളെ വിവാദ വേദിയാക്കരുതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.












Click it and Unblock the Notifications