മാനഭംഗം നടന്‍ ഷൈനി അഹൂജയ്ക്ക് തടവ്

വിചാരണയ്ക്കിടെ 20കാരിയായ വീട്ടുജോലിക്കാരി കൂറുമാറിയെങ്കിലും പ്രോസിക്യൂഷന്റെ തെളിവുകള്‍ അടിസ്ഥാനമാക്കി ജഡ്ജി വി.എം ചൗഹാന്‍ ശിക്ഷ വിധിക്കുകയായിരുന്നു. താന്‍ മാനഭംഗത്തിനിരയായിട്ടില്ലെന്ന യുവതിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് ജഡ്ജി പറഞ്ഞു.
109 പേജുകളുള്ള കുറ്റപത്രമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. യുവതി മാനഭംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും കുറ്റപത്രത്തില്‍ ഉണ്ടായിരുന്നു. അഹൂജയെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.ഫോറന്‍സിക് റിപ്പോര്‍ട്ടും പ്രോസിക്യൂഷന്‍ ആരോപണത്തെ ശരിവെക്കുന്നതായിരുന്നു.
2009 ജൂണില്‍ ഓഷിവാര പോലീസ്‌സ്‌റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് അഹൂജ തന്നെ മാനഭംഗപ്പെടുത്തിയതായി യുവതി ആരോപിച്ചിരുന്നത്. ജൂണ്‍ 14ന് താരത്തെ അറസ്റ്റ് ചെയ്തു. മൂന്നു മാസത്തിനുശേഷം താരത്തിന് ഹൈക്കോടതിയില്‍നിന്നും ജാമ്യം ലഭിച്ചു. പിന്നീട് വിചാരണയ്ക്കിടെ 2010 സപ്തംബര്‍ എട്ടിനാണ് യുവതി കോടതിയില്‍ മൊഴി മാറ്റിയത്.
അഹൂജയുടെ ഫഌറ്റില്‍ തനിക്ക് ജോലി തരപ്പെടുത്തിയ സ്ത്രീയുടെ സമ്മര്‍ദത്താല്‍ ആണ് താന്‍ പരാതി നല്‍കിയതെന്നായിരുന്നു യുവതി കോടതിയില്‍ മൊഴി മാറ്റിപ്പറഞ്ഞത്.
ഏറെ വിവാദമായ ഈ കേസിന്റെ വിചാരണ സര്‍ക്കാര്‍ അതിവേഗ കോടതിയിലാക്കുകയായിരുന്നു. വിധി പ്രസ്താവിക്കുമ്പോള്‍ അഹൂജയോടൊപ്പം ഭാര്യ അനുപമും ഉണ്ടായിരുന്നു.വിധിയ്ക്കെതിരെ ഷിനി മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.












Click it and Unblock the Notifications