ശശി പ്രശ്‌നം: യുവതിയില്‍ നിന്നും മൊഴിയെടുക്കും
കണ്ണൂര്‍: സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി ശശിയ്‌ക്കെതിരെ ലഭിച്ച പരാതിയില്‍ നീലേശ്വരം പൊലീസ് അന്വേഷണം തുടങ്ങി. നീലേശ്വരം സഐ കെപി സുരേഷ് ബാബുവിന് ക്രൈം എഡിറ്റര്‍ നന്ദകുമാറാണ് പരാതി നല്‍കിയിരിക്കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി പരാതിയില്‍ പറയുന്ന യുവതിയില്‍ നിന്നും മൊഴിയെടുക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. പരാതിയില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞാല്‍ ശശിക്കെതിരെ കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു.
കേസില്‍ രണ്ടു ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂര്‍ത്തിയാകുമെന്നാണ് അറിയുന്നത്. നീലേശ്വരം സി. ഐക്ക് പുറമെ കണ്ണൂര്‍ ജില്ലാ പൊലീസ് ചീഫ്, കണ്ണൂര്‍ ടൌണ്‍ സി. ഐ എന്നിവര്‍ക്കും നന്ദകുമാര്‍ പരാതി നല്‍കിയിട്ടുണ്ട്.
നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട പാലായിലെ യോഗപ്രകൃതി ചികിത്സാ കേന്ദ്രത്തില്‍ ശശി ചികിത്സയില്‍ കഴിയുന്ന കാലത്താണ് പരാതിയ്ക്ക് ആസ്പദമായ സംഭവം നടന്നത്. ഇവിടെവച്ച് ശശി തന്നോട് അപമര്യാദയായി പെരുമാറിയെന്ന് കാണിച്ചാണ് ഡിവൈഎഫ്‌ഐ നേതാവിന്റെ ഭാര്യ സിപിഎം നേതൃത്വത്തിന് പരാതി നല്‍കിയത്.
ഇതേസംഭവത്തിന്റെ പേരില്‍ മറ്റു ചില പ്രമുഖ നേതാക്കളും പരാതിയുമായി എത്തിയതോടെ ശശിയ്‌ക്കെതിരെ സിപിഎം നേതൃത്വം നടപടിയെടുക്കുകയായിരുന്നു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും ശശിയെ നീക്കം ചെയ്ത നേതൃത്വം പ്രശ്‌നം അന്വേഷിക്കാനായി കമ്മിഷനെയും നിയോഗിച്ചിരുന്നു.
ഇവര്‍ നടത്തിയ അന്വേഷണത്തില്‍ ആരോപണങ്ങള്‍ സത്യമാണെന്ന് തെളിഞ്ഞു.
കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ശശിയെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നു ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തുകയായിരുന്നു.












Click it and Unblock the Notifications