സോണിയയുടെ യോഗത്തിന് ആളില്ല; വിശദീകരണം തേടി

ഹരിപ്പാട്, തൃശൂര്‍, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ ശുഷ്‌ക്കമായ സദസ്സിനെ സാക്ഷിനിര്‍ത്തി സോണിയയ്ക്കു പ്രസംഗിക്കേണ്ടിവന്നത് പാര്‍ട്ടി ദേശീയ നേതൃത്വത്തെ അലോസരപ്പെടുത്തിയിട്ടുണ്ട്. ഇതേപ്പറ്റി എഐസിസി കേരള ഘടകത്തോട് വിശദീകരണം തേടിയിട്ടുണ്ടെന്നാണ് സൂചന.
കേരളത്തില്‍ സോണിയയുടെ യോഗങ്ങള്‍ക്ക് ആളുണ്ടായില്ലെന്ന് ദേശീയമാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത് പാര്‍ട്ടിക്കു ക്ഷീണമായിരുന്നു.
തിരഞ്ഞെടുപ്പു ചെലവിനു സംസ്ഥാനനേതൃത്വം ആവശ്യപ്പെട്ട പണം എ.ഐ.സി.സി. നല്‍കിയിരുന്നെന്നു പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. 16 ലക്ഷം രൂപയാണ് ഓരോ നിയോജക മണ്ഡലത്തിലും അനുവദനീയമായ പരിധിയെങ്കിലും അതിലുമേറെ പണം എ.ഐ.സി.സി. നല്‍കിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നു.
പ്രചാരണം കൊഴുപ്പിയ്ക്കാന്‍ ആവശ്യത്തിലധികം പണം നല്‍കിയിട്ടും പ്രവര്‍ത്തകരെ യോഗത്തിനു കൊണ്ടുവരാനും സദസ് നിറയ്ക്കാനും സംസ്ഥാന നേതാക്കള്‍ക്കു കഴിഞ്ഞില്ലെന്നതു പോരായ്മയാണെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍. യോഗത്തില്‍ എത്തിയവരില്‍ത്തന്നെ പലരും യോഗം തീരുന്നതിനുമുമ്പു സ്ഥലംവിടുകയും ചെയ്തു. ഇക്കാര്യത്തില്‍ സംസ്ഥാനനേതൃത്വം കൃത്യമായ വിശദീകരണം നല്‍കേണ്ടിവരും.
കടുത്തചൂടു മൂലമാണു പൊതുജനങ്ങള്‍ക്ക് ഏറെനേരം യോഗസ്ഥലത്തു ചെലവഴിക്കാന്‍ കഴിയാതിരുന്നതെന്നു സംസ്ഥാനനേതാക്കള്‍ പ്രാഥമിക വിശദീകരണം നല്‍കിയതായി അറിയുന്നു. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങും രാഹുല്‍ ഗാന്ധിയും എത്തുമ്പോള്‍ ഇത് ആവര്‍ത്തിക്കരുതെന്നു കേന്ദ്രനേതൃത്വം താക്കീത് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications