വിവാഹം വേണ്ട; യുവതി മൊബൈല്‍ ടവറില്‍ കയറി!
ജയ്പൂര്‍: ഇഷ്ടമില്ലാത്ത വിവാഹത്തിന് വീട്ടുകാര്‍ നിര്‍ബ്ബന്ധിയ്ക്കുന്നതും പെണ്‍കുട്ടികള്‍ ആത്മഹത്യാഭീഷണി മുഴക്കുന്നതും ചിലപ്പോഴെല്ലാം അതിന് ശ്രമിക്കുന്നതുമൊന്നു പുതിയകാര്യമല്ല.
എന്നാല്‍ രാജസ്ഥാനിലെ ബിക്കാനീര്‍ സ്വദേശിനിയായ ഒരു പെണ്‍കുട്ടി ഇഷ്ടമില്ലാത്ത വിവാഹത്തിന് നിര്‍ബ്ബന്ധിച്ച മാതാപിതാക്കളെ ശരിയ്ക്കും വലച്ചുകളഞ്ഞു. ഉഷ ബാലയെന്ന പെണ്‍കുട്ടിയാണ് പ്രതിഷേധത്തിന്റെ പുതിയ വഴികണ്ടെത്തിയത്. അറുപത് അടി ഉയരമുള്ള ഒരു മൊബൈല്‍ ടവറില്‍ കയറിയാണ് പെണ്‍കുട്ടി ആത്മഹത്യാ ഭീഷണി മുഴക്കിയത്.
ബുധനാഴ്ചയാണ് സംഭവം നടന്നത്. താഴേക്ക് ചാടുമെന്ന ഭീഷണി മുഴക്കി ഒരു മണിക്കൂറോളം ഉഷബാല മൊബൈല്‍ ടവറിനു മുകളില്‍ നിന്നു. അവസാനം, വിവാഹം നടത്തില്ല എന്ന് മുത്തച്ഛന്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ഇറങ്ങിയതെന്ന് പൊലീസ് പറയുന്നു.
മൗണ്ട് ആബുവിലെ ആശ്രമത്തിലെ അന്തേവാസിയാവണം എന്നാണ് പെണ്‍കുട്ടിയുടെ ആഗ്രഹം. എന്നാല്‍, മകളെ വിവാഹം ചെയ്ത് അയയ്ക്കണം എന്ന ആഗ്രഹമുള്ള മാതാപിതാക്കള്‍ അവളുടെ ആഗ്രഹം മാനിക്കാതെ മൂന്ന് മാസം മുമ്പ് വിവാഹനിശ്ചവും നടത്തിയിരുന്നു. ഉഷയെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത ശേഷം പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.












Click it and Unblock the Notifications