അന്നാ ഹസാരെ നിരാഹരം അവസാനിപ്പിച്ചു

ലോക്പാല്‍ ബില്ല് തയാറാക്കുന്നതിനുള്ള കരട് സമിതി രൂപീകരിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ പകര്‍പ്പ് ലഭിച്ചതിനുശേഷമാണ് അന്നാ ഹസാരെ നിരാഹാര സത്യാഗ്രഹം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. തന്റെ കൂടെ നിരാഹാരമിരുന്ന അനുഭാവികളെല്ലാം നിരാഹാരസമരം അവസാനിപ്പിച്ചതിനുശേഷമാണ് ഹസാരെ നിരാഹാരം അവസാനിപ്പിച്ചത്.
കേന്ദ്രമന്ത്രി പ്രണബ്മുഖര്‍ജി സമിതി അധ്യക്ഷനാവും. മുന്‍ കേന്ദ്രമന്ത്രിയും പ്രമുഖ അഭിഭാഷകനുമായ ശാന്തിഭൂഷണ്‍ സഹ അധ്യക്ഷനാവും. അരവിന്ദ് കെജ്‌രി വാള്‍, അന്ന ഹസാരെ, സന്തോഷ് ഹെഗ്‌ഡെ, പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ സമിതി അംഗങ്ങളാവും. നിയമമന്ത്രി വീരപ്പമൊയ്‌ലിയാണ് കണ്‍വീനര്‍. കേന്ദ്രസര്‍ക്കാറിന്റെ പ്രതിനിധികളായ നാലുപേരെ പിന്നീട് പ്രഖ്യാപിക്കും.
ജനശക്തിയുടെ വിജയമാണിതെന്ന് നിരാഹാര സമരം അവസാനിപ്പിച്ചുകൊണ്ട് അന്നാ ഹസാരെ പറഞ്ഞു. ഇത് ഒരു തുടക്കം മാത്രമാണ്. യഥാര്‍ഥ പോരാട്ടം ആരംഭിക്കാനിരിക്കുന്നതേയുള്ളു. പോരാട്ടം ഇവിടെ അവസാനിക്കുന്നില്ലെന്നും ജനപിന്തുണകൊണ്ടാണ് സമരം വിജയിപ്പിക്കാനായതെന്നും നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ചുകൊണ്ട് അന്നാ ഹസാരെ പറഞ്ഞു. ഓഗസ്റ്റ് 15നകം സര്‍ക്കാര്‍ ലോക്പാല്‍ ബില്ല് പാസാക്കുന്നില്ലെങ്കില്‍ സമരവുമായി വീണ്ടും രംഗത്തെത്തുമെന്നും അന്നാ ഹസാരെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചതോടെ ശനിയാഴ്ച രാവിലെ പത്തിന് നിരാഹാര സമരം അവസാനിപ്പിക്കുമെന്ന് ഹസാരെ വെള്ളിയാഴ്ച രാത്രി പ്രഖ്യാപിച്ചിരുന്നു. 'ഭാരതത്തിലെ ജനങ്ങള്‍ ജയിച്ചുവെന്ന്' ഹസാരെ പ്രഖ്യാപിച്ചപ്പോള്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ കപില്‍ സിബല്‍ സര്‍ക്കാറും ജനങ്ങളും ഒപ്പമാണെന്ന് പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളുടെ അത്രതന്നെ പൊതുസമൂഹത്തില്‍പ്പെട്ട പ്രമുഖ വ്യക്തികള്‍ അടങ്ങുന്ന സമിതി ലോക്പാല്‍ ബില്ലിനായുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ രൂപവത്കരിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് 98 മണിക്കൂര്‍ നീണ്ടുനിന്ന നിരാഹാര സമരം ഫലം കണ്ടത്.












Click it and Unblock the Notifications