ബാംഗ്ലൂര്‍: എല്ലാ ദേശീയപാതകളിലും ടോള്‍ വരുന്നു
ബാംഗ്ലൂര്‍: നഗരത്തിനകത്തേയ്ക്കും പുറത്തേയ്ക്കും യാത്രചെയ്യുന്ന വാഹനങ്ങള്‍ക്ക് ടള്‍ ഏര്‍പ്പെടുത്താന്‍ നീക്കം. നഗരത്തിലേയ്ക്കുള്ള ദേശീയ പാതകളിലും സംസ്ഥാനപാതകളിലും ടോള്‍ ഏര്‍പ്പെടുത്താനാണ് നീക്കം.
ഇത് സംബന്ധിച്ച് ദേശീയ പാതാ അതോറിറ്റിയും സംസ്ഥാന സര്‍ക്കാറും ഏകദേശ ധാരണയിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. തീരുമാനം നടപ്പായാല്‍ ടോള്‍ നല്‍കാതെ ബാഗ്ലൂരിലേയ്ക്ക് വരാനും പുറത്ത് പോകാനും കഴിയാത്ത അവസ്ഥവരും.
റോഡ് സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണത്രേ ടോള്‍ പിരിക്കാനുള്ള തീരുമാനം. നിലവില്‍ ഒരു സംസ്ഥാന പാതയ്ക്ക് പോലും ടോള്‍ സംവിധാനമില്ല. പാതകളുടെ നിലവാരത്തകര്‍ച്ച ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക റോഡ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ടോള്‍ പിരിക്കാന്‍ തീരുമാനിച്ചത്.
റോഡ് മെച്ചപ്പെടുത്താന്‍ ഫണ്ടില്ലെന്നാണ് സര്‍ക്കാര്‍വൃത്തങ്ങള്‍ ഇതിന് നല്‍കുന്ന വിശദീകരണം. പദ്ധതി മന്ത്രിസഭയുടെ അംഗീകാരത്തിന് നല്‍കി കാത്തിരിക്കുകയാണ് കര്‍ണാടക റോഡ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍.
കേരളത്തിലേക്കുകൂടി നീളുന്ന ഹൊസൂര്‍ അതിവേഗ ഹൈവേ, തുംകൂര്‍-നെലമംഗല പാത, എയര്‍പോട്ട് റോഡ് തുടങ്ങിയ ഇടങ്ങളില്‍ നാഷണല്‍ ഹൈവേ അതോറിറ്റിക്ക് നിലവില്‍ ടോള്‍ ബൂത്തുകളുണ്ട്. റോഡ് വീതി കൂട്ടല്‍ തുടങ്ങിയ സൗകര്യങ്ങള്‍ ചെയ്ത് ബാക്കിയുള്ള തങ്ങളുടെ റോഡുകളിലും പിരിവ് നടത്താനാണ് ഹൈവേ അതോറിറ്റിയുടെ പദ്ധതി.
സ്വകാര്യ പങ്കാളിത്തത്തിലായിരിക്കും പദ്ധതി നടപ്പാക്കുക. ഇവിടങ്ങളിലെ ടോള്‍ ബൂത്തുകളുടെ നിര്‍മാണം പൂര്‍ത്തിയാല്‍ ഉടന്‍ പിരിവ് ആരംഭിക്കുമെന്നാണ് ഹൈവേ അതോറിറ്റി നല്‍കുന്ന സൂചന. ഇതിനിടെ ടോള്‍ ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.












Click it and Unblock the Notifications