അമൂല്‍ ബേബിയും കുംഭകര്‍ണനും ഹിറ്റ്

കേരളത്തിലെ കൊട്ടിക്കലാശം കഴിഞ്ഞ് ദില്ലിയില്‍ തിരിച്ചെത്തിയ ദേശീയനേതാക്കളോട് ചാനല്‍ പ്രതിനിധികള്‍ക്ക് ചോദിയ്ക്കാനുണ്ടായിരുന്നതും അമുല്‍ ബേബി വിശേഷണത്തെക്കുറിച്ചായിരുന്നു. ബിജെപി നേതാവ് സുഷമ സ്വരാജും കോണ്‍ വക്താവായ അഭിഷേക് സിങ് വിയും സിപിഎം പിബി അംഗം സീതാറം യെച്ചൂരിയും ഇതേക്കുറിച്ച് വിശദീകരണങ്ങള്‍ നല്‍കിയതും മാധ്യമങ്ങള്‍ പ്രധാന്യത്തോടെ പ്രസിദ്ധീകരിച്ചു.
കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഇടതുമുന്നണിയുടെ താരമായ വിഎസിനെ രാഹുല്‍ ഗാന്ധി കടന്നാക്രമിച്ചത്. ഇടത് ജയിച്ചാല്‍ കേരളത്തിന് 93 വയസ്സായ മുഖ്യമന്ത്രിയെയായിരിക്കും ലഭിയ്ക്കുകയെന്ന രാഹുലിന്റെ പ്രസംഗം പാര്‍ട്ടിക്കാരുടെ കൈയ്യടി നേടി. അധികം വൈകിയില്ല. രാഹുലും സോണിയ ഗാന്ധിയും അമുല്‍ ബേബിയാണെന്ന് വിഎസ് തിരിച്ചടിച്ചു. 16 വയസ്സില്‍ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയവനാണ് താനെന്നും നാല്‍പതു വയസ്സുവരെ രാഹുലും സോണിയയുമൊക്കെ എവിടെയായിരുന്നുവെന്നും വിഎസ് ചോദിച്ചു. സുബ്രഹ്മണ്യം തിരുമുല്‍പ്പാടിന്റെ നാലുവരി കവിതാശകലം ഉരുവിട്ടുകൊണ്ടാണ് തന്റെ പ്രായത്തെ ആക്ഷേപിച്ച രാഹുലിന് വിഎസ് മറുപടി നല്‍കിയത്.
ഈ വിഷയത്തില്‍ ദേശീയ നേതാക്കളുടെ പ്രതികരണവും വ്യത്യസ്തമായിരുന്നു. വോട്ടര്‍മാര്‍ എന്ത് ആലോചിക്കുമെന്ന് ചിന്തിക്കാനുള്ള മനസ്സാന്നിധ്യം രാഹുലിന് ഇല്ലാതെ പോയെന്ന് കുറ്റപ്പെടുത്തിയ സുഷമ സ്വരാജ്, 25ാം വയസ്സില്‍ മന്ത്രിയായ താന്‍ 'അമുല്‍ ബേബി' വിളി അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കി. എന്നാല്‍ വിഎസിന്റെ പ്രായത്തെക്കുറിച്ച് പറഞ്ഞ രാഹുല്‍ തമിഴ്‌നാട്ടില്‍ 90നടുത്തെത്തിയ കരുണാനിധിയെ പിന്തുണയ്ക്കുന്നതെന്തിനെന്ന് വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
രാഹുല്‍ ഗാന്ധി വടി കൊടുത്ത് അടി വാങ്ങുകയാണ് ചെയ്തതെന്നായിരുന്നു സി.പി.എം ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സീതാറാം യെച്ചൂരി നല്‍കിയ വിശദീകരണം. എന്നാല്‍, വി.എസിനെ പോലൊരാള്‍ നടത്താന്‍ പാടില്ലാത്ത പദപ്രയോഗമാണിതെന്നും അദ്ദേഹത്തിന്റെ നിലവാരമാണിത് കാണിക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്‌വി കുറ്റപ്പെടുത്തി. വി എസിന് 93 വയസായി. പാര്‍ട്ടിയിലെ ശത്രുവായ പിണറായി വിജയനുമായി തമ്മിലടിക്കാന്‍ അദ്ദേഹം ഏറെക്കാലം ജീവിച്ചിരിക്കട്ടെ' എന്നായിരുന്നു ദിഗ്വിജയ് സിങിന്റെ പ്രതികരണം. യുവാക്കള്‍ക്കെതിരായ അവഹേളനമാണിതെന്നും സംസ്‌കാരമില്ലാത്ത നേതാവാണ് വി എസെന്നും പ്രണബ് മുഖര്‍ജിയും പറഞ്ഞുവെച്ചു. ഇതെല്ലാം ദേശീയതലത്തിലുള്ള പത്രങ്ങളുടെയും ചാനലുകളുടെയും ചൂടേറിയ വിഭവങ്ങളായി. എന്നാല്‍ ആദ്യ ദിവസങ്ങള്‍ക്ക് ശേഷം ഇത് കേരളത്തില്‍ കാര്യമായ ചര്‍ച്ചയായില്ലെന്നതാണ് ശ്രദ്ധേയം.
ഇതിന് പുറമെയാണ് ആന്റണിയെ വി.എസ് കുംഭകര്‍ണനെന്ന് വിളിച്ച വാര്‍ത്ത ദേശീയ മാധ്യമങ്ങള്‍ പ്രാധാന്യപൂര്‍വം കൊടുത്തത്. കഴിഞ്ഞ അഞ്ച് വര്‍ഷം കുംഭകര്‍ണനെപ്പോലെ വിഎസ് ഉറങ്ങുകയായിരുന്നുവെന്ന് ആന്റണിയാണ് ആദ്യം വെടിപൊട്ടിച്ചത്. എന്നാല്‍ ആന്റണിയുടെ വാക്കുകള്‍ കടമെടുത്ത് നല്‍കിയ വിഎസിന്റെ മറുപടിയ്ക്കാണ് ദേശീയ മാധ്യമങ്ങള്‍ പ്രധാന്യം നല്‍കിയത്. മുംബൈ ആക്രമണം നടക്കുമ്പോഴും ആദര്‍ശ് അഴിമതിയുടെ സമയത്തും ആന്റണി ഉറങ്ങിയത് കുംഭകര്‍ണനെപ്പോലെയായിരുന്നുവെന്നായിരുന്നു വിഎസിന്റെ മറുപടി.
മുംബൈ ആക്രമണത്തിന്റെ കാര്യത്തില്‍ പ്രതിരോധമന്ത്രി ആന്റണിയെ ഇതാദ്യമായാണ് ഒരു നേതാവ് ഇത്രയും ശക്തമായി പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. ക്ലീന്‍ ഇമേജുള്ള ആന്റണിയക്കേറ്റ തിരിച്ചടിയായാണ് ചാനലുകള്‍ ഇതിനെ വിലയിരുത്തിയത്. തിരഞ്ഞെടുപ്പ് മാമാങ്കം കഴിഞ്ഞാലും പെട്ടെന്നൊന്നും ഈ രണ്ട് പേരുകളും മാഞ്ഞുപോകില്ലെന്നാണ് ദില്ലിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലെ സംസാരം.












Click it and Unblock the Notifications