അഭയ കേസ്: ഒഴിവാക്കണമെന്ന് പ്രതികള്‍
കൊച്ചി: അഭയാക്കേസില്‍ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി എറണാകുളം പ്രത്യേക സിബിഐ കോടതി മേയ് 25നു പരിഗണിക്കാനായി മാറ്റി. കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും സിബിഐയുടെ മുഖം രക്ഷിക്കാന്‍ തങ്ങളെ പ്രതിപ്പട്ടികയിലുള്‍പ്പെടുത്തുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് കേസിലെ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കോടതിയെ സമീപിച്ചത്.
കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ച രേഖകളൊന്നും പ്രതികളുടെ പങ്കാളിത്തം വ്യക്തമാക്കുന്നില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. സിബിഐയുടെ മുഖവും അഭിമാനവും സംരക്ഷിക്കാന്‍ തങ്ങളെ ബലിയാടാക്കുകയായിരുന്നു. മതിയായ കാരണങ്ങളില്ലാതെ അറസ്റ്റ് ചെയ്തതിനു പിന്നീട് നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്ന് കരുതിയാണു മൂന്നു പേരെയും പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചതെന്നും ഇവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നാര്‍ക്കോ പരിശോധന സിഡിയില്‍ ക്രമക്കേട് നടന്നതായും സെഫിയുടെ പരാതിയിലുണ്ട്.
അഭയ കൊല്ലപ്പെട്ട ദിവസം അര്‍ധരാത്രിയില്‍ പയസ് ടെന്‍ത് കോണ്‍വെന്റില്‍ അതിക്രമിച്ചു കയറിയെന്ന് സി.ബി.ഐ പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണെന്ന് പരിശോധിക്കാന്‍ രണ്ടാം പ്രതി ജോസ് പൂതൃക്കയില്‍ ആവശ്യപ്പെട്ടു. അഭയയെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ കിണറ്റില്‍ തള്ളിയെന്നതടക്കമുള്ള മുഴുവന്‍ ആരോപണവും കോടതി പരിശോധിക്കണമെന്നും ഹരജിയിലുണ്ട്. കേസ് ചൊവ്വാഴ്ച പരിഗണിച്ചപ്പോള്‍ പ്രതികളാരും ഹാജരായിരുന്നില്ല.












Click it and Unblock the Notifications