മധ്യപ്രദേശില്‍ ക്രിസ്ത്യന്‍ സര്‍വ്വേ വിവാദത്തില്‍
ദില്ലി: മധ്യപ്രദേശിലെ ക്രിസ്ത്യാനികളെക്കുറിച്ച് വിവരം ശേഖരിക്കുന്നതിന് സര്‍വേ നടത്താനായി സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ പേരില്‍ ഉത്തരവിട്ട സംഭവം വിവാദമാകുന്നു.
സംസ്ഥാനത്തെ ക്രിസ്ത്യന്‍ ജനസംഖ്യ, പള്ളികളുടെ എണ്ണം സമുദായത്തിന്റെ രാഷ്ട്രീയ ചായ്‌വ്, സ്‌കൂള്‍ നടത്തിപ്പിനും മറ്റുമുള്ള ഫണ്ടിന്റെ ഉറവിടം തുടങ്ങിയകാര്യങ്ങള്‍ കണ്ടെത്താന്‍ വേണ്ടിയാണ് സര്‍വ്വേ നടത്താന്‍ അധികൃതര്‍ പദ്ധതിയിട്ടത്.
എന്നാല്‍ ഇത്തരത്തിലൊരു സര്‍വേയെക്കുറിച്ച് അറിയില്ലെന്നാണ് ക്രിസ്ത്യന്‍ നേതാക്കളോട് ഡി.ജി.പി. പറഞ്ഞത്. ഇതേക്കുറിച്ച് തനിക്കറിയില്ലെന്ന് ആഭ്യന്തര സഹമന്ത്രി നാരായണ്‍ കുഷ്‌വാഹും വ്യക്തമാക്കി. ആരാണ് സര്‍വേക്ക് പിന്നിലെന്ന് എ.ഡി.ജി. (ഇന്റലിജന്‍സ്) അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.
പോലീസ് സ്‌റ്റേഷനുകള്‍ വഴി വിവരങ്ങള്‍ ശേഖരിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. മാര്‍ച്ച് 22നാണ് ഇതുസംബന്ധിച്ച് പോലീസ് ആസ്ഥാനത്തുനിന്ന് സര്‍വേ ഉത്തരവിറങ്ങിയത്. എന്നാല്‍ ഏത് ഉദ്യോഗസ്ഥനാണ് ഇതിനുപിന്നിലെന്ന് ഇതേവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
സര്‍വേ തുടങ്ങിയതോടെ ക്രിസ്ത്യന്‍ നേതാക്കള്‍ മുതിര്‍ന്ന പോലീസുദ്യോഗസ്ഥരെയും സര്‍ക്കാര്‍ പ്രതിനിധികളെയും കാണുകയായിരുന്നു. ഇതേത്തുടര്‍ന്ന് കണക്കെടുപ്പ് തത്കാലം മരവിപ്പിച്ചിരിക്കയാണ്. ആര്‍എസ്എസാണ് സര്‍വേക്ക് പിന്നിലെന്ന് സംശയിക്കുന്നതായി ഭോപ്പാലിലെ കാത്തലിക് ചര്‍ച്ച് വക്താവ് ഫാദര്‍ആനന്ദ് മുത്തുംഗല്‍ പറഞ്ഞു.
ക്രിസ്ത്യാനികള്‍ സാമ്പത്തിക സ്രോതസ്സ് വെളിപ്പെടുത്തുന്നില്ലെന്ന് ഒരുമാസം മുമ്പ് ഭോപ്പാലില്‍ നടന്ന ആര്‍.എസ്.എസ്. സമ്മേളനത്തില്‍ മുതിര്‍ന്ന ദേശീയ നേതാവ് ആരോപിച്ചിരുന്നു. ആര്‍.എസ്.എസിനെ സംശയിക്കാന്‍ ഇതാണ് കാരണമെന്ന് ആനന്ദ് പറഞ്ഞു. സംസ്ഥാനത്ത് ബി.ജെ.പി. അധികാരത്തില്‍ വന്നതിനു ശേഷം ക്രിസ്ത്യാനികള്‍ക്ക് നേരേ 170ഓളം അക്രമങ്ങളുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications