• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ക്യൂബയില്‍ മാറ്റത്തിന്റെ കാറ്റ്; ഫിദല്‍ പടിയിറങ്ങി

  • By Lakshmi

ഹവാന: കമ്യൂണിസ്റ്റ് ക്യൂബയുടെ വിപ്ലവനായകന്‍ ഫിദല്‍ കാസ്‌ട്രോ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പദവികള്‍ ഔപചാരികമായി ഒഴിഞ്ഞു. ഫിദലിന്റെ അനിയനും രാജ്യത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റുമായ റൗള്‍ കാസ്‌ട്രോയാണ് പാര്‍ട്ടിയുടെ പുതിയ ഒന്നാം സെക്രട്ടറി.

സ്വകാര്യ സ്വത്ത് അനുവദിക്കാനും നേതൃപദവികള്‍ക്ക് കാലപരിധി ഏര്‍പ്പെടുത്താനും കാര്‍ഷിക വ്യവസ്ഥ വികേന്ദ്രീകരിക്കാനും നാലുദിവസത്തെ പാര്‍ട്ടി കോണ്‍ഗ്രസ് അനുമതി നല്‍കിയിട്ടുണ്ട്.14 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് നാലു ദിവസംകൊണ്ട് 300 സാമ്പത്തിക ഭേദഗതികളാണു പാസാക്കിയത്.

പാര്‍ട്ടിയിലും ഭരണകൂടത്തിലുമുള്ള നേതൃപദവികള്‍ക്ക് കാലപരിധി ഏര്‍പ്പെടുത്തുന്നതിനുള്ള നിര്‍ദേശവും സമ്മേളനം പാസാക്കി. ഇതനുസരിച്ച് രണ്ട് അഞ്ചു വര്‍ഷ കാലാവധികളിലായി പരമാവധി പത്തുവര്‍ഷമേ ഒരാള്‍ക്ക് നേതൃത്വത്തിലിരിക്കാന്‍ പറ്റൂ.

ഈ നിര്‍ദേശത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് നാലു പതിറ്റാണ്ടായി പാര്‍ട്ടിയുടെ പരമോന്നത നേതൃസ്ഥാനം വഹിക്കുന്ന ഫിദല്‍ കാസ്‌ട്രോ പടിയിറങ്ങിയത്. 1959 മുതല്‍ വിപ്ലവ ക്യൂബയുടെ ഭരണത്തലവനായിരുന്ന കാസ്‌ട്രോ 1965ല്‍ വിപ്ലവ സംഘടനകള്‍ ലയിച്ച് ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നിലവില്‍ വന്നതുമുതല്‍ അതിന്റെ ഒന്നാം സെക്രട്ടറിയാണ്.

അനാരോഗ്യത്തെത്തുടര്‍ന്ന് 2006ല്‍ അദ്ദേഹം ഭരണത്തില്‍ നിന്നൊഴിഞ്ഞപ്പോള്‍ സഹോദരന്‍ റൗള്‍ കാസ്‌ട്രോ ക്യൂബയുടെ പ്രസിഡന്റു പദമേറ്റെടുത്തു. എന്നിട്ടും പാര്‍ട്ടിയുടെ ഒന്നാം സെക്രട്ടറി സ്ഥാനത്ത് ഔപചാരികമായി ഫിദല്‍ തന്നെ തുടരുകയായിരുന്നു.

എന്നാല്‍ പാര്‍ട്ടി നേതൃത്വവും താന്‍ അഞ്ചു വര്‍ഷം മുമ്പ് റൗളിനു കൈമാറിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം എഴുതിയ ലേഖനത്തില്‍ ഫിദല്‍ വെളിപ്പെടുത്തി. പഴയ നേതാക്കള്‍ സ്ഥാനമൊഴിഞ്ഞ് പുതിയവര്‍ നേതൃപദവിയില്‍ വരണമെന്നാണ് തന്റെ ആഗ്രഹമെന്നും ബുധനാഴ്ച പാര്‍ട്ടിയുടെ പുതിയ കേന്ദ്രകമ്മിറ്റി നിലവില്‍ വരുമ്പോള്‍ താനതിലുണ്ടാവില്ലെന്നും ഫിദല്‍ വ്യക്തമാക്കുകയും ചെയ്തു.

കിട്ടാവുന്ന അംഗീകാരങ്ങളും പദവികളുമെല്ലാം തനിക്കു കിട്ടിയിട്ടുണ്ടെന്നും ഇത്രകാലം ജീവിച്ചിരിക്കുമെന്നു കരുതിയതല്ലെന്നും കാസ്‌ട്രോ ലേഖനത്തില്‍ പറഞ്ഞു. ഈ ലേഖനം പുറത്തുവന്നതിനു പിന്നാലെയാണ് ഫിദല്‍ സ്ഥാനമൊഴിഞ്ഞെന്നും റൗളിനെ ഒന്നാം സെക്രട്ടറിയായി തിരഞ്ഞെടുത്തെന്നുമുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നത്. പാര്‍ട്ടിയുടെ പ്രതിനിധി സമ്മേളനത്തില്‍ നിന്നു വിട്ടുനിന്ന ഫിദല്‍ വീട്ടിലിരുന്നാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനു വോട്ടു രേഖപ്പെടുത്തിയത്. എന്നാല്‍, സമാപന സമ്മേളനത്തില്‍ അദ്ദേഹം സമ്മേളനസ്ഥലത്തെത്തി.

ഫിദല്‍ കാസ്‌ട്രോയ്ക്ക് ഇപ്പോള്‍ 84 വയസ്സായി. ജൂണ്‍ മാസത്തില്‍ 80 തികയുന്ന അനിയന്‍ റൗള്‍ തന്നെയാവും അദ്ദേഹത്തിന്റെ പിന്‍ഗാമി എന്ന് നേരത്തേ തന്നെ വ്യക്തമായിരുന്നു.

English summary
Cuba made the most significant change to its leadership since the 1959 revolution on Tuesday, possibly setting the stage for a post-Castro era by naming someone other than Fidel or Raul to the second-highest position in the Communist Party for the first time.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more