മലപ്പുറം: രണ്ട് കുട്ടികള്‍ മരിച്ച വാഹനാപകടക്കേസില്‍ നടന്‍ തിലകനെതിരെ പോലീസ് കേസെടുത്തു. അശ്രദ്ധമായി വാഹനമോടിച്ച കുറ്റത്തിന് പാണ്ടിക്കാട് പോലീസാണ് തിലകനെതിരെ കേസെടുത്തത്. വ്യാഴാഴ്ച രാവിലെ പെരിന്തല്‍മണ്ണയ്ക്കു സമീപം തിലകന്റെ കാര്‍ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച്, സഹോദരങ്ങളായ കുട്ടികളാണ് മരിച്ചത്. ഓട്ടോയില്‍ സഞ്ചരിച്ചിരുന്ന വണ്ടൂര്‍ പള്ളിക്കുന്ന് മുണ്ടിയങ്കാവില്‍ ഫിറോസ് ഖാന്റെയും ജസീലയുടെയും മക്കളായ ഫാത്തിമ ഫിദ (രണ്ട് വയസ്), ഫര്‍സിന്‍ ഖാന്‍ (ആറു വയസ്) എന്നിവരാണു മരിച്ചത്. തിലകനും കാറിലുണ്ടായിരുന്ന സ്ത്രീയ്ക്കും പരിക്കേറ്റിരുന്നു.