• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സായി ബാബയുടെ 40000 കോടി എവിടേക്ക്?

  • By Ajith Babu

പുട്ടപര്‍ത്തി: സത്യസായി ബാബയുടെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ തുടരവെ അദ്ദേഹത്തിന്റെ പേരിലുള്ള ട്രസ്റ്റിന് കീഴിലുള്ള 40,000 കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ ആന്ധ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സത്യസായി ബാബയുടെ ട്രസ്റ്റിന്റെ നിയന്ത്രണത്തില്‍ 166 രാജ്യങ്ങളിലായി പടര്‍ന്നുകിടക്കുന്ന രണ്ടായിരത്തോളം സായി സ്ഥാപനങ്ങളുടെ ഉടമസ്ഥതയെച്ചൊലി ഇപ്പോള്‍ തന്നെ തര്‍ക്കമുയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തന്ത്രപരമായി നീങ്ങുന്നത്.

സ്വത്തിന്റെ ദുരുപയോഗം തടയാനും അവകാശതര്‍ക്കം ഇല്ലാതാക്കാനുമായി, 1959ലെ ഹിന്ദുമത ചാരിറ്റബിള്‍ നിയമപ്രകാരം മുഴുവന്‍ സായ് സ്ഥാപനങ്ങളും ഏറ്റെടുക്കാനാണ് സര്‍ക്കാറിന്റെ നീക്കം. ഇക്കാര്യത്തില്‍ നിയമവിദഗ്ധരുമായി കൂടിയാലോചനകള്‍ നടന്നതായും സൂചനകളുണ്ട്.

1972ല്‍ ബാബ തലവനായി സ്ഥാപിച്ച ശ്രീ സത്യസായി സെന്‍ട്രല്‍ ട്രസ്റ്റിന്റെ കീഴിലാണ് സ്വത്തുക്കള്‍ മുഴുവന്‍. 60 ലക്ഷം സജീവ ഭക്തരുടെയും മൂന്നു കോടി വരുന്ന അനുയായികളുടെയും സംഭാവനകളാണ് സ്വത്തുക്കള്‍ ഏറെയും. ദിവസം തോറും കോടികളുടെ സംഭാവന ഇപ്പോഴും എത്തുന്നുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമീണ വികസനം, കുടിവെള്ളം തുടങ്ങിയ മേഖലകളില്‍ വന്‍ നിക്ഷേപങ്ങളും ട്രസ്റ്റ് നടത്തിയിട്ടുണ്ട്.

പുട്ടപര്‍ത്തിയിലെ പ്രശാന്തിനിലയം, ബംഗളൂരു വൈറ്റ്ഫീല്‍ഡിലെ ബൃന്ദാവന്‍ ആശ്രമം, കൊടൈക്കനാലിലുള്ള സായ് ശ്രുതി ആശ്രമം, പുട്ടപര്‍ത്തിയിലെയും ബംഗളൂരുവിലെയും ആധുനിക ആശുപത്രികള്‍ എന്നിവയുടെ മാത്രം മൂല്യം രണ്ടായിരം കോടി വരും.

ഇതിനുപുറമെ രാജ്യത്തും പുറത്തുമായി നിരവധി ആശുപത്രികളും ആയിരക്കണക്കിന് ഡിസ്‌പെന്‍സറികളും പ്രവര്‍ത്തിക്കുന്നു. ആകെയുള്ള സ്വത്തുക്കള്‍ കണക്കാക്കുമ്പോള്‍ ഇതെല്ലാം ചെറിയൊരംശമേ വരൂ. ഓഡിറ്റിങ് എല്ലാമുണ്ടെങ്കിലും മൊത്തം സ്വത്തിന്റെ ആസ്തി കണക്കാക്കുക ഏറെ ശ്രമകരമായ ജോലിയാണ്.

തന്റെ കുടുംബാംഗങ്ങളിലെ ഭൂരിഭാഗം പേരെയും ട്രസ്റ്റില്‍ നിന്ന് സായിബാബ മാറ്റിനിര്‍ത്തിയിരിക്കുകയാണ്. 200ഓളം വരുന്ന കുടുംബാംഗങ്ങള്‍ പുട്ടപര്‍ത്തിയില്‍ ഹോട്ടലുകള്‍ തുടങ്ങി ഭക്തരെ മുതലെടുത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ട്രസ്റ്റില്‍ നിന്ന് അവരെ മാറ്റിനിര്‍ത്താന്‍ ബാബയെ പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു. ഐ.എ.എസ് വിട്ട് ഭക്തിമാര്‍ഗത്തിലേക്ക് വന്ന കെ. ചക്രവര്‍ത്തി, എസ്.വി. ഗിരി എന്നിവരാണ് ഇപ്പോള്‍ ട്രസ്റ്റിലെ പ്രമുഖര്‍.

ബാബയുടെ മരുമകന്‍ ആര്‍.ജെ. രത്‌നാകര രാജു ട്രസ്റ്റിന്റെ തലവനായി വരാനാണു സാധ്യത കൂടുതല്‍. എന്നാല്‍ ഇത് എളുപ്പമാകാന്‍ ഇടയില്ല എന്നും പറയപ്പെടുന്നു. ട്രസ്റ്റില്‍ ജനാധിപത്യരീതിയില്‍ തലവനെ തെരഞ്ഞെടുക്കണമെന്നാണു ബാബയുടെ കുടുംബാംഗങ്ങളില്‍ ചിലര്‍ പറയുന്നത്. എന്നാല്‍ തലവനായി താന്‍ വരണമെന്നാണു ഭൂരിഭാഗം അംഗങ്ങളുടെയും ആഗ്രഹമെന്നു ട്രസ്റ്റ് അംഗമായ റിട്ട. ഐഎഎസ് ഓഫിസര്‍ ചക്രവര്‍ത്തി വിശദീകരിയ്ക്കുന്നു. ബാബ ജീവിച്ചിരിയ്ക്കുമ്പോള്‍ തന്നെ ട്രസ്റ്റില്‍ അംഗങ്ങള്‍ക്കിടയിലുണ്ടായ ഭിന്നത വരുംനാളുകളില്‍ ഇനിയും ശക്തിപ്രാപിയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.

ബാബയുടെ പിന്‍ഗാമിയെപ്പറ്റി വ്യക്തതയില്ലാത്തതും ട്രസ്റ്റികളെ പൂര്‍ണമായും ഇത്രയും വലിയ സ്വത്ത് ഏല്‍പിക്കാന്‍ കഴിയില്ല എന്നതുമാണ് ഏറ്റെടുക്കലിന് സര്‍ക്കാറിനെ പ്രേരിപ്പിക്കുന്നത്. സായിബാബ വിടവാങ്ങിയാല്‍ സ്വത്ത് പലരും സ്വന്തം നിലക്ക് കൈകാര്യം ചെയ്യുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്വത്ത് ഏറ്റെടുത്താല്‍ സായി ഭക്തരുടെ പ്രതികരണം എന്താവുമെന്ന കാര്യവും ആന്ധ്ര സര്‍ക്കാരിനെ വലയ്ക്കുന്നുണ്ട്.

എന്നാല്‍ തന്റെ പിന്‍ഗാമിയെ ബാബ തന്നെ പ്രവചിച്ചിട്ടുണ്ടെന്നാണ് ഇതിലും കൗതുകം. 96മതു വയസിലായിരിക്കും സമാധിയെന്നും തന്റെ പിന്‍ഗാമി മാണ്ഡ്യ ജില്ലയിലായിരിക്കും ജനിക്കുകയെന്നുമാണു ബാബയുടെ പ്രവചനം. ഇതു പ്രകാരം ബാബയ്ക്കു 11 വര്‍ഷം കൂടി ഇഹലോകവാസമുണ്ട്. തന്റെ പിന്‍ഗാമിക്കായി വിശ്വാസികള്‍ 30 വര്‍ഷം കൂടി കാത്തിരിക്കണമെന്നും ബാബ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവചിച്ചിരുന്നു. ബാബയുടെ പ്രവചനം ശരിയാകുമെന്നു തന്നെയാണ് വിശ്വാസികള്‍ കരുതുന്നത്. എന്നാല്‍ എണ്‍പത്തിയഞ്ചുകാരനായ ബാബയുടെ ആരോഗ്യനിലയില്‍ വൈദ്യലോകം കടുത്ത ആശങ്കയിലാണെന്നതാണ് യാഥാര്‍ഥ്യം.

English summary
As the renowned Godman Sathya Sai Baba is fighting a losing battle following multi-organ dysfunction, the reports of an alleged internal tussle for control over his spiritual empire are causing a sense of disquiet among millions of devotees.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X