പ്രണയത്തെച്ചൊല്ലി അച്ഛനും മകളും ജീവനൊടുക്കി
പത്തനാപുരം: മകളെ കാമുകന് വിവാഹം കഴിച്ചു നല്‍കുന്നതിനെ അമ്മ എതിര്‍ത്തതിനെ തുടര്‍ന്നുണ്ടായ കലഹത്തിന്റെ ദുഖത്തില്‍ അച്ഛനും മകളും വിഷം കഴിച്ചു ജീവനൊടുക്കി. ഞാറയ്ക്കാട് താമലകോളനിയില്‍ ഇലഞ്ഞിവയലില്‍ വീട്ടില്‍ ജയന്‍(45), മകള്‍ ജയ(22) എന്നിവരാണ് മരിച്ചത്. ജയയുടെ പ്രണയത്തെസംബന്ധിച്ച് കഴിഞ്ഞ രണ്ടുദിവസമായി വീട്ടില്‍ വഴക്ക് നടന്നുവരികയായിരുന്നുവെന്ന് പോലീസ് പറയുന്നു.
കൂലിപ്പണിക്കാരനായിരുന്നു ജയന്‍. മകള്‍ ജയ പാണ്ടിത്തിട്ടയിലെ സ്വകാര്യ കാഷ്യു ഫാക്ടറിയില്‍ ജീവനക്കാരിയായിരുന്നു. ജയയ്ക്ക് കുരാ സ്വദേശിയായ ഒരു യുവാവുമായി പ്രണയമുണ്ടായിരുന്നു മകളെ ഈ യുവാവിന് വിവാഹം കഴിച്ച് കൊടുക്കാന്‍ പിതാവിന് സമ്മതമായിരുന്നു. എന്നാല്‍ ജയയുടെ മാതാവിന് ഈ വിവാഹത്തില്‍ താല്പര്യമില്ലായിരുന്നുവെന്ന് പറയപ്പെടുന്നു.
ഇതേച്ചൊല്ലി ഭാര്യയും ഭര്‍ത്താവും രൂക്ഷമായ കലഹം നടന്നിരുന്നു. ഞായറാഴ്ച വൈകിട്ടും ഇതേച്ചൊല്ലി വഴക്കുണ്ടായി. ഇതിനിടെ ജയന്റെ ഭാര്യ ഓമന വീടിന് പുറത്തേയ്ക്ക് പോയി. ഈ സമയം അച്ഛനും മകളും വിഷം കഴിക്കുകയായിരുന്നുവെന്നാണ് സൂചന.
ഓമന തിരിച്ചെത്തിയപ്പോള്‍ ഇരുവരേയും അബോധാവസ്ഥയില്‍ കണ്ടെത്തി. അവര്‍ ബഹളം വച്ച് ആളെ കൂട്ടി ഇരുവരേയും പുനലൂര്‍ ഗവ. ആശുപത്രിയില്‍ എത്തിച്ചു. ഇതിന് ശേഷമാണ് ഇവര്‍ വിഷം കഴിച്ച കാര്യം ബന്ധുക്കളറിയുന്നത്.
ഗുരുതരാവസ്ഥയിലായതിനാല്‍ രണ്ടുപേരേയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയി. തുടര്‍ന്ന് പുലര്‍ച്ചെ 2.15 ഓടെയാണ് രണ്ട് പേരും മരിച്ചത്. കുന്നിക്കോട് പൊലീസ് കേസെടുത്തു. ജയയുടെ സഹോദരി ജയന്തി മധ്യപ്രദേശില്‍ വിദ്യാര്‍ഥിയാണ്.












Click it and Unblock the Notifications