പുരുലിയ ആയുധവര്‍ഷം കേന്ദ്ര സര്‍ക്കാരിന്റെ അറിവോടെ?
കോപന്‍ഹേഗന്‍: ഇപ്പോഴും ദുരൂഹത നിലനില്‍ക്കുന്ന പുരുലിയ ആയുധവര്‍ഷക്കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍. ബംഗാളിലെ ഇടതുസര്‍ക്കാരിനെ അട്ടിമറിയ്ക്കുകയെന്ന രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് ആയുധവര്‍ഷം നടന്നതെന്ന് കേസില്‍ ഡെന്‍മാര്‍ക്കില്‍ അറസ്റ്റിലായ നീല്‍സ് ഹോക്‌സ്, കിം ബ്ലീച്ച് എന്നിവരുടെ വെളിപ്പെടുത്തല്‍.
അന്നത്തെ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ, ബ്രിട്ടനിലെ സുരക്ഷാ ഏജന്‍സിയായ എംഐ 5 എന്നിവയുടെ അറിവോടെയാണ് ആയുധവര്‍ഷം നടന്നതെന്ന് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഹോക്‌സ് പറഞ്ഞു. തീവ്രവാദി എന്ന് മുദ്രകുത്തി തന്നെ ഇന്ത്യയിലെത്തിക്കാന്‍ നീക്കം നടക്കുന്നതിനാലാണ് ഇപ്പോള്‍ ഈ വെളിപ്പെടുത്തല്‍ നടത്തുന്നതെന്നും കിം ഡേവി പറഞ്ഞു.
ഇന്ത്യയുടെ അനുമതിയില്ലാതെ പാകിസ്താനില്‍നിന്ന് ഇന്ത്യയിലേക്ക് വിമാനം പറത്താന്‍ ആര്‍ക്കും സാധിയ്ക്കില്ല. ഇന്ത്യയിലെ ഒരു പാര്‍ലമെന്റ് അംഗമാണ് തന്നെ നേപ്പാളിലേക്ക് രക്ഷപ്പെടാന്‍ സഹായിച്ചതെന്നും ഹോക്‌സ് അഭിമുഖത്തില്‍ പറഞ്ഞു.
പശ്ചിമബംഗാള്‍ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ള രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായിരുന്നു ആയുധവര്‍ഷമെന്ന് അന്ന് വിമാനത്തിലുണ്ടായിരുന്ന ആയുധവ്യാപാരി കിം ബ്ലീച്ച് വെളിപ്പെടുത്തി. അന്നത്തെ കേന്ദ്രസര്‍ക്കാരിന് സംഭവത്തെക്കുറിച്ച് വ്യക്തമായി അറിയാമായിരുന്നു. ആയുധവര്‍ഷം നടത്തിയ സമയത്ത് വ്യോമസേനയുടെ റഡാര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നില്ലയെന്നും ബ്ലീച്ച് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ ആഭ്യന്തരസുരക്ഷയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് 1995 ഡിസംബര്‍ 18നാണ് പശ്ചിമബംഗാളിലെ പുരുലിയ ജില്ലയില്‍ വിദേശവിമാനം വന്‍ ആയുധശേഖരം വര്‍ഷിച്ചത്. സംസ്ഥാനത്തെ ഇടതുസര്‍ക്കാറിനെ അട്ടിമറിക്കാന്‍ ആനന്ദമാര്‍ഗി സംന്യാസ സംഘത്തിന് നല്‍കാനുള്ളതായിരുന്നു ഈ ആയുധങ്ങളെന്നാണ് കരുതപ്പെടുന്നത്. ഇപ്പോഴും സംഭവത്തിലെ പലകാര്യങ്ങളും ദുരൂഹമായി അവശേഷിയ്ക്കുകയാണ്.












Click it and Unblock the Notifications