തിരുവല്ലയില്‍ പീഡനശ്രമം; നഴ്‌സ് ഗുരുതരാവസ്ഥയില്‍
തിരുവല്ല: രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന നഴ്‌സിനെ ഓട്ടോയില്‍ പീഡിപ്പിക്കാന്‍ ശ്രമം. ആത്മരക്ഷാര്‍ത്ഥം ഓട്ടോയില്‍ നിന്നും ചാടിയ യുവതി തലയ്ക്കു പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ പുഷ്പഗിരി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വ്യാഴാഴ്ചരാത്രിയിലാണ് സംഭവം നടന്നത്. യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ഓട്ടോഡ്രൈവര്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. ഇയാളുടെ ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നഴ്‌സായ തിരുവല്ല മുത്തൂര്‍ സ്വദേശിയായ യുവതിയാണ് അപകടത്തില്‍പ്പെട്ടത്. രാത്രി പതിനൊന്നര മണിക്ക് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
ആശുപത്രിയില്‍ രോഗിയെ ഇറക്കി മടങ്ങുകയായിരുന്ന ഓട്ടോയിലാണ് യുവതി വീട്ടിലേയ്ക്ക് മടങ്ങിയത്. വീടിനടുത്തെത്തിയിട്ടും ഓട്ടോ നിര്‍ത്താതെ പോയതോടെ ഭയന്ന യുവതി പുറത്തേയ്ക്ക് ചാടുകയായിരുന്നുവത്രെ.
വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഓടിക്കൂടിയ നാട്ടുകാര്‍ ആദ്യം തിരുവല്ല താലൂക്ക് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. യുവതിക്ക് ഇതുവരെ ബോധം വന്നിട്ടില്ല.












Click it and Unblock the Notifications