എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ തീരുമാനം

സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷന്റെ ഭാഗമായി സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ നടക്കുന്ന അന്താരാഷ്ട്രസമ്മേളനത്തിലാണ് എന്‍ഡോസള്‍ഫാനെ നിരോധിക്കപ്പെട്ട കീടനാശിനികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച് തീരുമാനമെടുത്തത്.
ഇളവുകളോടെയാണ് നിരോധനം. എതിര്‍പ്പുകളില്ലാതെയാണ് കീടനാശിനി നിരോധിക്കാന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചത്. ലോകമെമ്പാടുമായി നടത്തിയിട്ടുള്ള മുന്നൂറോളം പഠന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കിയാണ് കീടനാശിനി നിരോധിക്കാന്‍ ധാരണയായത്.
നിരോധനത്തെ ഇന്ത്യ എതിര്‍ത്തിരുന്നുവെങ്കിലും മറ്റുരാജ്യങ്ങളുടെ പിന്തുണ ലഭിക്കാത്തതിനാല്‍ നിലപാടില്‍ അയവുവരുത്തുകയായിരുന്നു. ഇന്ത്യ ആവശ്യപ്പെട്ട ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ബദല്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് നിരോധനത്തെ എതിര്‍ത്ത വികസ്വര രാജ്യങ്ങളുമായി ചര്‍ച്ച നടത്തുന്നതിനും യോഗത്തില്‍ ധാരണയായി.
ഇളവുകളനുസരിച്ച് പരുത്തി, കാപ്പി, തേയില, മാവ് എന്നിവയുള്‍പ്പെടെയുള്ള 16 വിളകളെ ബാധിക്കുന്ന ഏതാനും കീടങ്ങളെ നേരിടാന്‍ ഉപാധികളോടെ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കാനാവും.
അതിനു പുറമെ നെല്ല്, ഗോതമ്പ്, തക്കാളി, ഉരുളക്കിഴങ്ങ്, മുളക്, കടുക് എന്നിവയുള്‍പ്പെടെ 18 വിളകളെ ബാധിക്കുന്ന മറ്റു ചില കീടങ്ങളെ നേരിടാനും ഇളവനുവദിക്കണമെന്ന ആവശ്യത്തിന്‍മേലാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്. ഇതില്‍ പതിനഞ്ചു കീടങ്ങളുടെ കാര്യത്തില്‍ ഇളവ് ആവശ്യപ്പെട്ടിട്ടുള്ളത് ഇന്ത്യയാണ്. ചൈനയും ഉഗാണ്ടയുമാണ് ഇളവിനായി ആവശ്യമുന്നയിച്ച മറ്റു രാജ്യങ്ങള്‍.
എന്‍ഡോസള്‍ഫാന്റെ കാര്യത്തില്‍ സമവായത്തിലെത്തുന്നതിന് ഖത്തറിന്റെ നേതൃത്വത്തില്‍ പ്രത്യേക സമ്പര്‍ക്ക ഗ്രൂപ്പ് രൂപവത്കരിച്ച ഒരു വിഭാഗം രാജ്യങ്ങള്‍ നിരോധനം സംബന്ധിച്ച കരടുരേഖ വ്യാഴാഴ്ച തയ്യാറാക്കിയിരുന്നു. വ്യാഴാഴ്ച വൈകീട്ടു തുടങ്ങിയ പ്ലീനറിസമ്മേളനത്തില്‍ നിര്‍ദേശിക്കപ്പെടുന്ന ഭേദഗതികളോടെ വെള്ളിയാഴ്ച രേഖയ്ക്ക് അന്തിമരൂപം നല്‍കിയ ശേഷമാണ് അംഗീകാരം നല്‍കിയത്.
കണ്‍വന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനെതിരേ ശബ്ദമുയര്‍ത്തിയ ഇന്ത്യ ഒറ്റപ്പെട്ടിരുന്നു. ചൈനയും ബ്രസീലും അടക്കമുള്ള രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നു. ദക്ഷിണ മേഖലയുടെ ആവശ്യമായി നിരോധനത്തിനെതിരേ പ്രമേയം അവതരിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമവും വിഫലമായിരുന്നു. ബഹ്‌റൈനും ഖത്തറും ഇന്ത്യന്‍ നിലപാടിനെതിരേ നിലകൊണ്ടതോടെയാണ് ഇന്ത്യ ഒറ്റപ്പെട്ടത്.












Click it and Unblock the Notifications