ലാദന്റെ മരണം; പാകിസ്താന് മൗനം
ദില്ലി: അല്‍ ക്വയ്ദ തലവന്‍ ബിന്‍ ലാദനെ അമേരിക്കയുടെ സൈന്യം വധിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പാകിസ്താന്‍ അധികൃതര്‍ പ്രതികരിക്കുന്നില്ല. പാക് മണ്ണില്‍ വച്ചാണ് കൊലപാതകം നടന്നതെന്ന് അമേരിക്കയുടെ പ്രസിഡന്റ് ബരാക് ഒബാമ തന്നെ വാര്‍ത്താസമ്മേളനത്തിലൂടെ സ്ഥിരീകരിച്ചശേഷവും പാക് അധികൃതര്‍ മൗനം തുടരുകയാണ്.
പാകിസ്താനിലെ ഇസ്ലാമാബാദിനടുത്തുള്ള അബോട്ടാബാദ് എന്ന ടൂറിസ്റ്റ് കേന്ദ്രത്തിനടുത്തുവച്ചാണ് ലാദനെ സൈനിക നീക്കത്തിലൂടെ വധിച്ചത്. സംഭവം സ്ഥിരീകരിക്കാനായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഒബാമ, ഈ നീക്കത്തില്‍ പാകിസ്താന്‍ സൈന്യം സഹായിച്ചുവെന്നും ഇനിയും തീവ്രവാദത്തിനെതിരെ സംയുക്ത നീക്കങ്ങള്‍ നടത്തുമന്നും പറഞ്ഞിട്ടുണ്ട്.
ലാദന്റെ മരണവാര്‍ത്തയില്‍ പാകിസ്താന്‍ സര്‍ക്കാര്‍ കൈക്കൊണ്ട് മൗനം ഇതിനകം തന്നെ വലിയ വാര്‍ത്തയായിട്ടുണ്ട്. ലാദനെ വധിക്കാന്‍ കൂട്ടുനിന്നുവെന്ന് സ്ഥിരീകരിക്കുന്നതോടെ അല്‍ ക്വയ്ദയില്‍ നിന്നും തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഭയന്നാകാം പാക് അധികൃതര്‍ മൗനം ഭജിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ലാദന്‍ കൊല്ലപ്പെട്ട സ്ഥലത്ത് പാക് സൈന്യത്തിന്റെ ഒരു ഹെലികോപ്റ്റര്‍ തകര്‍ന്നുവീണതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതും ലാദന്‍ വേട്ടയില്‍ യുഎസ് സൈന്യത്തിന് പാക് സഹായം ലഭിച്ചുവെന്നതിന്റെ വ്യക്തമായ തെളിവായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
ഇതിനിടെ ലാദന്‍ പാകിസ്താനില്‍ കൊല്ലപ്പെട്ട സംഭവം ആരാജ്യം തീവ്രവാദികള്‍ക്ക് സുരക്ഷിത താവളം നല്‍കുന്നുവെന്ന ആരോപണം അടിവരയിടുന്നതാണെന്ന് ആഭ്യന്തരമന്ത്രി പി.ചിദംബരം പറഞ്ഞു. ഒസാമ ബിന്‍ ലാദന്‍ പാകിസ്താനില്‍വച്ചാണ് കൊല്ലപ്പെട്ടതെന്ന് അമേരിക്കന്‍ ഭരണകൂടം ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിവിധ സംഘടനകളില്‍പ്പെട്ട തീവ്രവാദികള്‍ പാകിസ്താനില്‍ സുരക്ഷിതരായി കഴിയുന്നുവെന്ന ആശങ്ക ഉയര്‍ത്തുന്നതാണ് സംഭവം. മുംബൈ തീവ്രവാദി ആക്രമണത്തിന്റെ ഉത്തരവാദികള്‍ ഇപ്പോഴും പാകിസ്താനില്‍ തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications