ആക്രമണസമയത്ത് ലാദന്‍ നിരായുധനായിരുന്നു

ലാദന്‍ ആയുധാരിയല്ലായിരുന്നെങ്കിലും കെട്ടിടത്തിലുണ്ടായിരുന്ന അനുയായികള്‍ സേനയ്ക്കുനേരേ വെടിയുതിര്‍ത്തു ലാദനെ രക്ഷിക്കാന്‍ കിണഞ്ഞുശ്രമിച്ചതായും വൈറ്റ് ഹൗസ് വക്താവ് ജെ കാര്‍നി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
അതിരൂക്ഷമായ വെടിവയ്പിനുശേഷമാണ് യുഎസ് നേവി സീല്‍സിന് ലാദനെയും സംഘത്തെയും കീഴ്‌പ്പെടുത്താനായത്. ആക്രമണം സംബന്ധിച്ചു നേരത്തേ പുറത്തുവന്ന വാര്‍ത്തകളിലെ പൊരുത്തക്കേടുകളും കാര്‍നി തിരുത്തി.
ഒരു സ്ത്രീയെ മനുഷ്യകവചമായി ലാദന്‍ ഉപയോഗിച്ചിരുന്നുവെന്നതു വാസ്തവവിരുദ്ധമാണ്. ആയുധാരിയല്ലായിരുന്നെങ്കിലും ലാദന്‍ ചെറുത്തുനിന്നു. കെട്ടിടത്തില്‍ ലാദനൊപ്പമുണ്ടായിരുന്ന ഭാര്യയെ അമേരിക്കന്‍ സേന വധിച്ചിട്ടില്ല. കാലിനു വെടിവയ്ക്കുകയാണു ചെയ്തത്. തലയ്ക്കു വെടിയേറ്റ ലാദന്റെ ചിത്രം ബീഭല്‍സരൂപത്തിലായതിനാല്‍ പുറത്തുവിടുന്നതിനേപ്പറ്റി ഭരണകൂടം ഗൗരവമായി ചര്‍ച്ചചെയ്യുകയാണ്- കാര്‍നി പറഞ്ഞു.
ലാദനെയും കുടുംബത്തെയും കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകളിലാണ് കണ്ടെത്തിയത്. ആക്രമണവേളയില്‍ ലാദനൊപ്പം മുറിയില്‍ ഭാര്യയാണ് ഉണ്ടായിരുന്നത്. യു.എസ്. സൈനികര്‍ മുറിയിലേക്കു പ്രവേശിച്ചതോടെ ലാദന്റെ ഭാര്യ കുതിച്ചെത്തി ചെറുക്കാന്‍ ശ്രമം നടത്തി. ഇതിനിടെ ഇവരുടെ കാലില്‍ വെടിവച്ചു കീഴ്‌പ്പെടുത്തുകയായിരുന്നുവെന്നും കാര്‍നി വെളിപ്പെടുത്തി.
ലാദന്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വളപ്പില്‍ ലാദനെയും കുടുംബത്തെയും കൂടാതെ മറ്റു രണ്ടു കുടുംബങ്ങള്‍കൂടി താമസിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടു ടീമുകളായി തിരിഞ്ഞായിരുന്നു സേന ആക്രമണം നടത്തിയത്. കെട്ടിടത്തിന്റെ ആദ്യനിലയില്‍ താമസിച്ചിരുന്ന രണ്ട് അല്‍ക്വയ്ദ അംഗങ്ങളും ഒരു സ്ത്രീയും വെടിവയ്പില്‍ കൊല്ലപ്പെട്ടു.
ലക്ഷ്യം പൂര്‍ത്തിയാക്കി തകര്‍ന്ന ഹെലികോപ്ടര്‍ നശിപ്പിച്ചതിനുശേഷം മറ്റൊരു ഹെലികോപ്ടര്‍ ഉപയോഗിച്ചാണ് അമേരിക്കന്‍ സേന അറബി കടലില്‍ നങ്കൂരമിട്ടിരുന്ന യുഎസ്എസ് കാള്‍ വിന്‍സണില്‍ മടങ്ങിയെത്തിയതെന്നും കാര്‍നി പറഞ്ഞു.












Click it and Unblock the Notifications