റൗഫിനെ അറിയില്ലെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ്
കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ ഹൈക്കോടതി മുന്‍ ജഡ്ജിമാര്‍ക്കെതിരെ സാമ്പത്തികാരോപണം ഉന്നയിച്ച കെഎ റൗഫിനെ അറിയില്ലെന്നു ജസ്റ്റിസ് കെ. നാരായണക്കുറുപ്പ്.
ഐസ്‌ക്രീം കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം ശനിയാഴ്ച ചോദ്യംചെയ്തപ്പോഴാണ് നാരായണക്കുറുപ്പ് ഇങ്ങനെ മൊഴി നല്‍കിയത്. ഹൈക്കോടതി മുന്‍ ജഡ്ജി കെ. തങ്കപ്പന്റെ മൊഴികളും കഴിഞ്ഞ ദിവസം അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.
കുറുപ്പിന്റെ മരുമകന്‍ വഴി പണം കൈമാറിയെന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ റൗഫിന്റെ ആരോപണം. കേസിന്റെ വസ്തുതാപരമായ വിവരങ്ങള്‍ മാത്രമാണു പൊലീസ് ചോദിച്ചത്. ഇതില്‍ പുതുതായി ഒന്നും തന്നെയില്ലെന്നും വീട്ടില്‍ നടന്ന ചോദ്യംചെയ്യലിന് ശേഷം നാരായണക്കുറുപ്പ് മാധ്യമങ്ങളോട് പറഞ്ഞു.
ഐസ്‌ക്രീം പാര്‍ലര്‍ സംഭവവുമായി ബന്ധപ്പെട്ട ഒരു കേസു മാത്രമാണു എന്റെ ബെഞ്ചില്‍ വന്നത്. അതിന്റെ വിശദാംശങ്ങള്‍ വിധിന്യായത്തിലുണ്ട്. ഇതിന്റെ പേരില്‍ സാമ്പത്തിക നേട്ടമൊന്നും ഉണ്ടാക്കിയിട്ടില്ല. എല്ലാ സംശയങ്ങളും തീര്‍ത്താണ് അന്വേഷണ സംഘം മടങ്ങിയത്- അദ്ദേഹം പറഞ്ഞു.
റൗഫിനെ മുന്‍പരിചയമില്ലെന്നും വാര്‍ത്താസമ്മേളനത്തിന്റെ ടിവി ദൃശ്യങ്ങളിലാണ് ആദ്യമായി റൗഫിനെ കണ്ടതെന്നുമാണു തങ്കപ്പന്‍ കഴിഞ്ഞ ദിവസം മൊഴി നല്‍കിയത്. ഐസ്‌ക്രീം പാര്‍ലര്‍ കേസ് അന്വേഷിക്കുന്ന എഡിജിപി വിന്‍സന്‍ എം. പോളിന്റെ സംഘത്തിലെ എസ്പി പി. വിജയന്റെ നേതൃത്വത്തിലാണു രണ്ടു ദിവസമായി മുന്‍ ജഡ്ജിമാരുടെ മൊഴിയെടുത്തത്.












Click it and Unblock the Notifications