മുസ്ലീം ലീഗ് നേതാവ് അപമാനിച്ചുവെന്ന് യുവതി
തലശേരി: അഭിഭാഷകനായ മുസ്ലിംലീഗ് നേതാവ് യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചതായി പരാതി. കോട്ടയം ആറാംമൈല്‍ സ്വദേശിനിയുടെ പരാതിയില്‍ ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പിവി സൈനുദ്ദീനെതിരെ പൊലീസ് കേസെടുത്തു.
കേസിന്റെ ആവശ്യത്തിനായി തന്റെ ഓഫീസില്‍ എത്തിയ യുവതിയെ സൈനുദ്ദീന്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. ഓഫിസില്‍ വന്നപ്പോള്‍ കയറിപ്പിടിച്ചുവെന്നാണു സൈനുദ്ദീനെതിരെ യുവതി നല്‍കിയ പരാതി.
അതേസമയം, തിരഞ്ഞെടുപ്പില്‍ പി.ശശി പ്രശ്‌നം ഉന്നയിച്ചതിന്റെ വിരോധം തീര്‍ക്കാന്‍ സിപിഎം നടത്തിയ ഗൂഢാലോചനയാണു കേസിനു പിന്നിലെന്നു യുഡിഎഫ് ആരോപിച്ചു.
കഴിഞ്ഞ ദിവസം രാത്രി സൈനുദ്ദീന്റെ വീട്ടില്‍ നിര്‍ത്തിയിട്ട കാറിന്റെയും കോടതി പരിസരത്തെ ഓഫിസിന്റെയും ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തിട്ടുമുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം നേതൃത്വത്തിന്റെ അഴിമതിയും ശശി പ്രശ്‌നവും ഉന്നയിച്ചു പ്രസംഗിച്ചതിന്റെ പേരില്‍ വ്യാജകഥകളുണ്ടാക്കി മുസ്ലിം ലീഗ് നേതാക്കളെ തേജോവധം ചെയ്യാനാണു ശ്രമമെന്നു ലീഗ് നിയോജകമണ്ഡലം നേതൃയോഗം കുറ്റപ്പെടുത്തി.
ഇതിനെ പാര്‍ട്ടി നിയമപരമായും രാഷ്ട്രീയമായും നേരിടും. പി.വി. സൈനുദ്ദീന്റെ ഓഫിസും കാറും ആക്രമിച്ചതു സിപിഎമ്മുകാരാണെന്നും യോഗം ആരോപിച്ചു.
ഇതിനിടെ സൈനുദ്ദീനെ അറസ്റ്റ് ചെയ്യണമെന്നു ഡിവൈഎഫ്‌ഐ ബ്‌ളോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ലീഗ് നേതാക്കളും ചില അധോലോക ബിസിനസുകാരും കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ഡിവൈഎഫ്‌ഐ കുറ്റപ്പെടുത്തി.
ശക്തമായ നടപടി സ്വീകരിക്കണമെന്നു ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഏരിയാ പ്രസിഡന്റ് വി. സതിയും സെക്രട്ടറി എം. പ്രസന്നയും ആവശ്യപ്പെട്ടു.


Click it and Unblock the Notifications