പാകിസ്ഥാനില്‍ കഴിയുന്ന ഭീകരര്‍ ഇവര്‍
ദില്ലി: പാകിസ്ഥാന്‍ താവളമാക്കി ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന 50 ഭീകരരുടെ പേരുകള്‍ ഇന്ത്യ പുറത്തിറക്കി. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമും വിവിധ തീവ്രവാദ സംഘടനകളുടെ നേതാക്കന്മാരുമാണ് ഇവര്‍.
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്‌കര്‍-ഇ-തൊയ്ബ സ്ഥാപകനുമായ ഹാഫിസ് മുഹമ്മദ് സയിദ്, ഭീകരന്‍ സകി ഉര്‍ റഹ്മാന്‍ എന്നിവരും ഈ പട്ടികയില്‍ ഉണ്ട്. രാജ്യത്തില്ലെന്ന് പാകിസ്ഥാന്‍ ആണയിട്ട് പറഞ്ഞ ഒസാമ ബിന്‍ ലാദനെ അമേരിക്ക കൊന്ന സാഹചര്യത്തിലാണ് ഇന്ത്യ ഈ പട്ടിക പുറത്തിറക്കിയത്. പാകിസ്ഥാന്‍ തീവ്രവാദത്തെ തുണയ്ക്കുന്ന രാജ്യം തന്നെ എന്ന് ലോക രാഷ്ട്രങ്ങളെ ധരിപ്പിയ്ക്കുക കൂടിയാണ് ഇതിന്റെ ലക്ഷ്യം. അങ്ങനെയെങ്കില്‍ പാകിസ്ഥാനെ കൂടുതല്‍ ഒറ്റപ്പെടുത്താന്‍ കഴിഞ്ഞേയ്ക്കും.
സര്‍ക്കാര്‍ ഇറക്കിയ പട്ടികയില്‍ ഹാഫിസ് സയിദാണ് ഒന്നാമന്‍. 2001-ലെ പാര്‍ലമെന്‍റ് ആക്രമണക്കേസിലെ മുഖ്യപ്രതി ജയ്‌ഷെ മുഹമ്മദ്, തലവന്‍ മൗലാന മസൂദ് അസ്ഹര്‍, അല്‍ ഖ്വെയ്ദ നേതാക്കളില്‍ ഒരാളായ ഇല്യാസ് കശ്മീരി, 1993-ലെ മുംബൈ സ്‌ഫോടന പരമ്പരയില്‍ ഉള്‍പ്പെട്ട ടൈഗര്‍ മേമന്‍, ഛോട്ടാ ഷക്കീല്‍, മേമന്‍ അയൂബ് അബ്ദുള്‍ റസാഖ്, അനീസ് ഇബ്രാഹിം കസ്‌കര്‍ ശൈഖ്, അന്‍വര്‍ അഹമ്മദ് ഹാജി ജമാല്‍, മുഹമ്മദ് അഹമ്മദ് ദോസ, ഹിസ്ബുള്‍ മുജാഹിദീന്‍ തലവന്‍ സയീദ് സലാവുദ്ദീന്‍, ജമ്മു-കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് സ്ഥാപകന്‍ അമാനുള്ള ഖാന്‍, പഞ്ചാബ് ഭീകരരായ ലഖ്ബിര്‍ സിങ്, പരംജിത് സിങ് പഞ്ച്‌വാര്‍, നീത എന്നറിയപ്പെടുന്ന രഞ്ജിത് സിങ്, വാധ്വ സിങ് തുടങ്ങിയവരാണ് പട്ടികയില്‍ ഉള്ള മറ്റ് ചിലര്‍.
മുംബൈ ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേരുടെ പേരുകള്‍ പട്ടികയില്‍ ഉണ്ട്. സാജിദ് മജീദ്, മേജര്‍ ഇഖ്ബാല്‍, മേജര്‍ സമീര്‍ അലി, പാഷയെന്ന സയിദ് അബ്ദുള്‍ റഹ്മാന്‍, അബു ഹംസ, എന്നിവരാണിവര്‍.
ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തില്‍ പെട്ട ജാവേദ് പട്ടേല്‍, സ്ലെയിം അബ്ദുള്‍ ഗനി ഗാസി, റിയാസ് അബൂബക്കര്‍ ഖത്രി, മുനാഫ് അബ്ദുള്‍ മജീദ് ഹലരി, മുഹമ്മദ് തയിനുര്‍, ഖാന്‍ ബഷീര്‍ അഹമ്മദ് ഐനുല്‍ ഹഖ് ഖാന്‍, യാകൂബ് ഖാന്‍, മുഹമ്മദ് ഷാഫി മേമന്‍, ഇര്‍ഫാന്‍ അഹമ്മദ് ഗുല്‍സാര്‍, ഫിറോസ് അബ്ദുള്‍ റഷീദ് ഖാന്‍, അലി മൂസ എന്ന ഇഷാക് അത്ത ഹുസൈന്‍, സഗീര്‍ സാബിര്‍ അലി ശൈഖ് എന്നിവരും ഈ പട്ടികയില്‍ ഉണ്ട്.
അഫ്താബ് ബട്കി, 2008-ലെ ബാംഗ്ലൂര്‍ സ്‌ഫോടനത്തിലുള്‍പ്പെട്ട അബു റെഹാന്‍ എന്ന റഷീദ് അബ്ദുള്ള, ലഷ്‌കര്‍ കമാന്‍ഡര്‍ ചീമഅസം, 2006-ലെ ഔറംഗബാദ് ആയുധ ഇടപാട് കേസിലെ പ്രതി സയിദ് സബിയുദ്ദീന്‍ ജാബി, ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാന റാഞ്ചല്‍ കേസിലുള്‍പ്പെട്ട ഇബ്രാഹിം അത്തര്‍, അസര്‍ യൂസഫ്, ഭോല എന്ന മിസ്ട്രി സാഹുര്‍ ഇബ്രാഹിം, സയിദ് ഷാഹിദ് അഖ്തര്‍, രാം ഗോപാല്‍ വര്‍മ എന്ന ഷകീര്‍ മുഹമ്മദ്, അബ്ദുള്‍ റൗഫ് എന്നിവരാണ് ഇന്ത്യയുടെ പട്ടികയിലുള്ള മറ്റ് ചിലര്‍.












Click it and Unblock the Notifications