90കാരിയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍
കോട്ടയം: തൊണ്ണൂറുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്പത്തിയാറുകാരന്‍ അറസ്റ്റിലായി. ഉഴവൂരിലെ വീട്ടിമ്മയെ പീഡിപ്പിച്ച കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ജോര്‍ജ്ജ് തോമസാണ് അറസ്റ്റിലായത്.
പരസഹായം കൂടാതെ കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലുമാവാത്ത വൃദ്ധയാണ് ലൈംഗികപീഡനത്തിന് ഇരയായത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ ജോര്‍ജ് ബുധനാഴ്ച രാവിലെയാണ് പൊലീസിന്റെ വലയിലായത്. ജോര്‍ജ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോട്ടയം സെഷന്‍സ് കോടതി തള്ളിയിരുന്നു.
ഉഴവൂര്‍ നെടുമ്പാറ ഭാഗത്തുള്ള തൊണ്ണൂറുകാരിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. വീട്ടമ്മയുടെ കൊച്ചുമകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആറിനാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്.
ഉഴവൂരിലെ ഒരു ബാങ്കില്‍ പാര്‍ട്ട് ടൈം സ്വീപ്പറാണ് ജോര്‍ജ്. സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും ജോര്‍ജിനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ഉഴവൂരില്‍ പ്രതിഷേധം ഉയരുകയും കഴിഞ്ഞ ദിവസം ജനകീയ കമ്മിറ്റിക്കു രൂപം നല്‍കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് കേസിന്റെ അന്വേഷണം സിഐ ഏറ്റെടുക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ ബുധനാഴ്ച കുറവിലങ്ങാട് പൊലീസ് സ്‌റ്റേഷനിലും തുടര്‍ന്ന് തെളിവെടുപ്പിനായി ഉഴവൂരിലും കൊണ്ടുവന്നു.
ഇതിനു മുന്‍പും ജോര്‍ജ് വീട്ടമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. അതിനിടെ, പീഡനത്തിനിരയായ സ്ത്രീയുടെ ആരോഗ്യനില മോശമായതായി സൂചനയുണ്ട്.












Click it and Unblock the Notifications