ആപ്പിള്‍ എ ഡേയ്‌ക്കെതിരെ വഞ്ചനാക്കേസ്
കൊച്ചി: പ്രമുഖ ഫ്ലാറ്റ് നിര്‍മ്മാതാക്കളായ ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസിന്റെ ഉടമകള്‍ക്കെതിരെ വഞ്ചനക്കേസ്. സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ സാജു കടവില്‍, ഡയറക്ടര്‍ രാജീവ് ചെറുവാര എന്നിവര്‍ക്കെതിരെ നാല് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സ്ഥാപനത്തില്‍ സെയില്‍സ് മാനേജരായിരുന്ന രാമചന്ദ്രനെ പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ദിവസം ആപ്പിളിന്റെ പാലാരിവട്ടം ഓഫിസ് റെയ്ഡു ചെയ്ത പൊലീസ് ഒട്ടേറെ രേഖകള്‍ പിടിച്ചെടുത്തു. ഉടമകളുടെ വീടുകള്‍ റെയ്ഡു ചെയ്യാന്‍ പൊലീസ് എത്തിയെങ്കിലും അവ പൂട്ടിക്കിടക്കുകയായിരുന്നു.
ഫ്ലാറ്റ് നിര്‍മ്മാണത്തിനായി 2006മുതല്‍ പലരില്‍ നിന്നായി 15ലക്ഷം മുതല്‍ 23ലക്ഷം രൂപവരെ ഇവര്‍ വാങ്ങിയിട്ടുണ്ടത്രേ. എന്നാല്‍ ഇതുവരെ ഫ്ലാറ്റിന്റെ നിര്‍മ്മാണമാരംഭിക്കുക പോലുംചെയ്തിട്ടില്ലെന്നാണ് പരാതി. സിറ്റി പൊലീസ് കമ്മിഷണര്‍ക്കു ലഭിച്ച 12 പരാതികളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി.
പണം നല്‍കി വഞ്ചിതരായവര്‍ ബിഗ് ആപ്പിള്‍ ബയേഴ്‌സ് അസോസിയേഷന്‍ എന്ന പേരില്‍ സംഘടന രൂപീകരിച്ചിട്ടുണ്ട്. നിര്‍മാണം വൈകിയതിനെത്തുടര്‍ന്ന് കമ്പനിയുടമകളുമായി പല തവണ ബന്ധപ്പെട്ടപ്പോഴും ഓരോ കാരണങ്ങള്‍ പറഞ്ഞ് ചര്‍ച്ച നീട്ടിക്കൊണ്ടുപോയതായി അസോസിയേഷന്‍ ആരോപിക്കുന്നു.












Click it and Unblock the Notifications