അരുന്ധതിയുടെ പുസ്തകപ്രകാശനച്ചടങ്ങ് അലങ്കോലമായി

ദില്ലിയിലെ ഇന്ത്യാ ഹാബിറ്റാറ്റ് സെന്റര്‍ ഹാളില്‍ സംഘടിപ്പിച്ച 'ദ ബ്രോക്കണ്‍ റിപ്പബ്ലിക്ക്' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങാണ് ചില ഹിന്ദുസംഘടനാ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രശ്‌നത്തിലായത്.
ഛത്തീസ്ഗഡ് അടക്കമുള്ള സംസ്ഥാനങ്ങളിലെ മാവോവാദികളുടെ രാഷ്ട്രീയവും ആദിവാസി ജീവിതവും മുഖ്യപ്രമേയമാക്കുന്ന പുസ്തകമാണ് ദി ബ്രോക്കണ്‍ റിപ്പബ്ലിക്.
അരുന്ധതിയ്‌ക്കെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടുവന്ന ഹിന്ദുസംഘടനാ പ്രവര്‍ത്തകര്‍ പുസ്തകങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും കസേരകള്‍ വലിച്ചെറിയുകയും ചെയ്തു.
ഇതിനിടെ ചടങ്ങിനെത്തിയ ഒരു കൂട്ടമാളുകള്‍ അരുന്ധതിയെ അനുകൂലിച്ച് സംഘം ചേര്‍ന്ന് മുദ്രാവാക്യം വിളിച്ചതോടെ പ്രശ്‌നംസംഘര്‍ഷാവസ്ഥയിലായി.തുടര്‍ന്ന് പോലീസെത്തി പ്രതിഷേധക്കാരെ അറസ്റ്റുചെയ്ത് നീക്കി.
ചടങ്ങിനിടെ അരുന്ധതി റോയ് കശ്മീര്‍ വിഷയം പ്രതിപാദിച്ചപ്പോഴാണ് ഒരുസംഘം യുവാക്കള്‍ പ്രശ്നമുണ്ടാക്കാന്‍ തുടങ്ങിയത്. നേരത്തേ കശ്മീര്‍ വിഷയത്തില്‍ അരുന്ധതി നടത്തിയ പരാമര്‍ശം വന്‍വിവാദമായി മാറിയിരുന്നു. സംഭവത്തിന് ശേഷം താനവര്‍ക്ക് പണം നല്‍കി ചെയ്യിച്ചതാണിതെന്ന് അരുന്ധതി തമാശയായി പറഞ്ഞു.
അരുന്ധതിയുടെ പുസ്തകത്തിന് ലഭിയ്ക്കുന്ന വാര്‍ത്താപ്രാധാന്യം കൂടാനും കൂടുതല്‍ ആളുകള്‍ ഇതിനെക്കുറിച്ച് അറിയാനും ഈ പ്രശ്നം സഹായിച്ചുവെന്ന് പറയുന്നതാവും ശരി. ഈ സാധ്യത മനസ്സിലാക്കിക്കൊണ്ടുതന്നെയാകും ഇത് പെയ്ഡ് പബ്ലിസിറ്റിയാണെന്ന രീതിയില്‍ അരുന്ധതി തമാശപറഞ്ഞതും












Click it and Unblock the Notifications