സമരക്കാരെ തീയിട്ടത് അന്വേഷിക്കണം: വനിതാ കമ്മീഷന്‍
ദില്ലി: ഉത്തര്‍പ്രദേശിലെ ഗ്രേയ്റ്റര്‍ നോയ്‍ഡയില്‍ കര്‍ഷക സമരത്തെ തുടര്‍ന്ന് ജനങ്ങള്‍ക്കെതിരെയുണ്ടായ അക്രമങ്ങള്‍ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ രംഗത്ത്.
വനിതകള്‍ക്കെതിരായ അക്രമം ഉത്തര്‍പ്രദേശില്‍ വളരെ കൂടുതലാണെന്നും കര്‍ഷക പ്രക്ഷോഭത്തിനിടെ ഭട്ട പര്‍സോള്‍ ഗ്രാമത്തില്‍ സ്ത്രീകള്‍ക്കു നേരെ പൊലീസ് അതിക്രമം ഉണ്ടായെന്നും കമ്മിഷന്‍ പറഞ്ഞു. പോലീസ് അതിക്രമത്തിന്റെ തെളിവുകള്‍ മുഴുവന്‍ നശിപ്പിക്കപ്പെടുന്നതിന് മുമ്പായി എത്രയും പെട്ടെന്ന് അന്വേണഷത്തിന് ഉത്തരവിടണമെന്ന് വനിതാ കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ യാസ്മീന്‍ അബ്രാര്‍ ആവശ്യപ്പെട്ടു.
പ്രക്ഷോഭത്തിനിടെ ഗ്രാമങ്ങളില്‍ ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടെന്നും അവരുടെ മൃതദേഹങ്ങള്‍ കത്തിച്ചു കളയുകയായിരുന്നു എന്നും എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.
ഇതേക്കുറിച്ചും അന്വേഷിക്കണമെന്നു യാസ്മീന്‍ അബ്‌റര്‍ പറഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തില്‍ സത്യം പുറത്തു കൊണ്ടുവരണം. ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്ക് ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്തണം. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനായി വനിതാ പൊലീസ് നടപടിയെടുക്കണം- കമ്മിഷന്‍ ആവശ്യപ്പെട്ടു.
തന്റെ മകളെ ജീവനോടെ ചുട്ടുകരിച്ചതായി ഒരു സ്ത്രീ പരാതിപ്പെട്ടിട്ടുണ്ട്. പല സ്ത്രീകളും മാനഭംഗത്തിനിരകളായതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിനൊക്കെ വ്യക്തമായ തെളിവുകളുമുണ്ട്. ഇതു സംബന്ധിച്ചു പ്രധാനമന്ത്രിക്കു റിപ്പോര്‍ട്ട് നല്‍കും-കമ്മീഷന്‍ അറിയിച്ചു.
നേരത്തേ സമരക്കാരെ തീയിട്ടുകൊന്നുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചത് വലിയ വിവാദമായി മാറിയിരുന്നു. രാഹുല്‍ പറഞ്ഞതുപോലുള്ള സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് ഗ്രാമീണര്‍ പ്രതികരിച്ചത് കോണ്‍ഗ്രസിനെ കുരുക്കിലാക്കിയിരുന്നു. ഈ പ്രശ്‌നത്തില്‍ രാഹുലിനെതിരെ മുഖ്യമന്ത്രി മായാവതി രംഗത്തെത്തുകയും ചെയ്തിരുന്നു.












Click it and Unblock the Notifications