ഷീല വധം: കനകരാജിന് വധശിക്ഷ

പാലക്കാട് അഡിഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി പികെ ഹനീഫയാണ് ശിക്ഷ വിധിച്ചത്. കനകരാജ്കുറ്റക്കാരനാണെന്ന് കോടതി വെള്ളിയാഴ്ച വിധിച്ചിരുന്നു. കൊലപാതകക്കുറ്റം ചുമത്തി ഐപിസി 302-ാം വകുപ്പു പ്രകാരമാണ് കോടതി ശിക്ഷ വിധിച്ചത്. 397, 392 വകുപ്പുകള്‍ പ്രകാരവും ശിക്ഷ വിധിച്ചിട്ടുണ്ട്.
കേസിലെ മൂന്നാം പ്രതി മണികണ്ഠനെ വെറുതേവിട്ടു. മൂന്നാം പ്രതി മണികണ്ഠനെതിരായ ആരോപണങ്ങള്‍ക്ക് വിശ്വസനീയമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തതു കൊണ്ടാണ് വെറുതേ വിടുന്നതെന്ന് ജഡ്ജി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. കേസിലെ ഒന്നാം പ്രതി പൊലീസ് കസ്റ്റഡിയില്‍ മരണമടഞ്ഞ സമ്പത്തിന്റെ സഹോദരീഭര്‍ത്താവാണ് മണികണ്ഠന്‍.
ബിസിനസുകാരനായ വി. ജയകൃഷ്ണന്റെ ഭാര്യയായ ഷീല (47) 2010 മാര്‍ച്ച് 23നാണ് കൊല ചെയ്യപ്പെട്ടത്. ഒന്നും രണ്ടും പ്രതികള്‍ വീട്ടില്‍ അതിക്രമിച്ചുകടന്ന് ഷീലയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും തടയാന്‍ ശ്രമിച്ച അമ്മ കാര്‍ത്ത്യായനിഅമ്മയെ തലയ്ക്കടിച്ച് വീഴ്ത്തുകയും ചെയ്തശേഷം ആഭരണങ്ങളും പണവും മൊബൈല്‍ ഫോണുകളും കവര്‍ന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
മനഃപൂര്‍വമായ നരഹത്യ, കൊലപാതകശ്രമം, മോഷണം, ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നത്. ഡിവൈഎസ്പി എം.കെ. പുഷ്‌കരനാണ് കേസ് അന്വേഷിച്ചത്.












Click it and Unblock the Notifications