കാര്‍ത്തികേയന്‍ നിയമസഭാ സ്പീക്കറാവും?
തിരുവനന്തപുരം: പുതിയ നിയമസഭയുടെ സ്പീക്കറായി ജി. കാര്‍ത്തികേയന്‍ എത്തുമെന്ന് കരുതുന്നു. ഇത് ഏതാണ്ട് ഉറപ്പായ മട്ടാണ്. കോണ്‍ഗ്രസിന്റെ വി ഡി സതീശനെ പരിഗണിച്ചെങ്കിലും ഒടുവില്‍ ഒഴിവാക്കപ്പെട്ടത്രെ.
ഇതിനിടെ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ പി സി ജോര്‍ജ്ജ് സ്പീക്കറാവാന്‍ താല്പര്യം പ്രകടിപ്പിച്ച് എത്തിയിട്ടുണ്ട്. എന്നാല്‍ മാണി കോണ്‍ഗ്രസിന് സ്പീക്കര്‍ സ്ഥാനം നല്‍കാന്‍ കോണ്‍ഗ്രസ് തയാറാവുമെന്ന് കരുതുന്നില്ല.
സ്പീക്കറാവാന്‍ കാര്‍ത്തികേയന്‍ തയാറാണെന്നതാണ് ഇപ്പോഴത്തെ വാര്‍ത്ത. തുടക്കത്തില്‍ കാര്‍ത്തികേയന്‍ ഇതിന് തയാറായിരുന്നില്ല.
2011 ജൂണ്‍ ഒന്നിനാണ് സഭയുടെ ആദ്യ യോഗം ചേരുന്നത്. നിയമസഭാ അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിയ്ക്കാനായി പ്രോടേം സ്പീക്കറെ തിരഞ്ഞെടുത്തിട്ടുണ്ട്. എന്‍ ശക്തനാണ് ഇത്തവമത്തെ പ്രോടേം സ്പീക്കര്‍. നാടാരായ തനിയ്ക്ക് പ്രാതിനിധ്യം കിട്ടിയില്ലെന്നും അതുകൊണ്ട് തന്നോട് സമുദായം രാജി വയ്ക്കാന്‍ ആവശ്യപ്പെടുകയാണെന്നും നിരന്തരം പറഞ്ഞുകൊണ്ടിരുന്ന ശക്തന്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതലൊന്നും പറഞ്ഞിട്ടില്ല. രാജിവയ്ക്കേണ്ടി വരുമെന്ന് പറഞ്ഞ ശക്തന്‍ തന്നെ എംഎല്‍എമാരെ സത്യപ്രതിജ്ഞ ചെയ്യിയ്ക്കുന്നത് ഏതായാലും രസകരമായ വസ്തുതയാണ്.
നിയമസഭാ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമായിരിയ്ക്കും സ്പീക്കര്‍ തിരഞ്ഞെടുപ്പ് പ്രക്രീയകളുടെ തുടക്കം. സ്പീക്കറായി മത്സരിയ്ക്കാന്‍ പത്രിക സമര്‍പ്പിയ്ക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് പ്രക്രീയകള്‍ പൂര്‍ത്തിയാക്കിയ ശേഷം ജൂണ്‍ രണ്ടിനായിരിയ്ക്കും തിരഞ്ഞെടുപ്പ്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ നിറുത്തുമോയെന്ന് വ്യക്തമായിട്ടില്ല. ഇടഞ്ഞു നില്‍ക്കുന്ന ഐക്യമുന്നണി എംഎല്‍എ മാര്‍ ആരെങ്കിലും ഈ തിരഞ്ഞെടുപ്പില്‍ മറുകണ്ടം ചാടുമോ? ഇല്ലെന്ന് കരുതാം.
പുതിയ സ്പീക്കറെ തിരഞ്ഞെടുപ്പിന് ശേഷം സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കറുടെ തിരഞ്ഞെടുപ്പ് നടത്തും.












Click it and Unblock the Notifications