ഇന്ത്യയിലെ നീളംകൂടിയ തുരങ്കം തയാറാവുന്നു
ക്വാസിഗഡ്: ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ തുരങ്കം കശ്മീരില്‍ തയാറാവുന്നു. 2012 ഡിസംബറോടെ ഇത് യാത്രാ യോഗ്യമാവുമെന്നാണ് കരുതുന്നത്. ജമ്മുവിനേയും കശ്മീരിനേയും ബന്ധിപ്പിയ്ക്കുന്നതാണ് ഈ 11 കിലോമീറ്റര്‍ തുരങ്കം. ഇപ്പോള്‍ മഞ്ഞ്കാലത്ത് ജമ്മുവില്‍ നിന്ന് കശ്മീരിലേയ്ക്കുള്ള റോഡ് ഗതാഗതം സാധ്യമല്ല. എന്നാല്‍ ഈ പുതിയ തുരങ്കം വരുന്നതോടെ ഏത് സമയത്തും തീവണ്ടി മാര്‍ഗ്ഗം ജമ്മുവില്‍ നിന്ന് കശ്മീരിലെത്താനാവും.
ലോകത്തിലെ തന്നെ വലുതും നീളം കൂടിയതും ഏറ്റവും ആഴത്തിലുള്ളതുമായിരിയ്ക്കും ഈ തുരങ്കം. ജമ്മുവിലെ ബനിയാലില്‍ നിന്ന് കശ്മീരിലെ ക്വാസിഗഡിലേയ്ക്കാണ് ഈ തുരങ്കം നിര്‍മ്മിയ്ക്കുന്ന്ത്. 11 കിലോമീറ്റര്‍ തുരങ്കത്തിന്റെ 10.4 കിലോമീറ്ററില്‍ പണി പൂര്‍ത്തിയായി കഴിഞ്ഞു. ടി80 എന്നാണ് ഈ തുരങ്കത്തിന് പേരിട്ടിരിയ്ക്കുന്നത്. വടക്കന്‍ റെയില്‍വെയ്ക്ക് വേണ്ടി റെയില്‍വെ മന്ത്രാലയത്തിന്റെ കീഴിലുള്ള ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍ ലിമിറ്രഡ് എന്ന സ്ഥാപനമാണ് തുരങ്കം പണിയുന്നത്. തീവണ്ടി പാളത്തിന് പുറമേ എട്ട് അടി വീതിയുള്ള റോഡും തുരങ്കത്തിലുണ്ടാവും. അവശ്യ സാഹചര്യങ്ങളില്‍ ഉപയോഗിയ്ക്കാനായാണ് ഇത്. എഞ്ചിനിയറിംഗ് വിസ്മയമായിരിയ്ക്കും ഈ തുരങ്കം.
കൊങ്കണ്‍ പാതയിലെ ആറര കിലോമീറ്റര്‍ നീലമുള്ള കര്‍ബൂഡെ തുരങ്കമാണ് ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ തുരങ്കം.
ഇപ്പോള്‍ ജമ്മുവിനേയും കശ്മീര്‍ താഴ്വരയേയും ബന്ധിപ്പിയ്ക്കുന്നത് ആര് കിലോമീറ്റര്‍ നീളമുള്ള ജവര്‍ തുരങ്കമാണ്. ഇത് മഞ്ഞ് കാലത്ത് അടച്ചിടുകയാണ് പതിവ്. തുരങ്കം വരുന്നതോടെ ബനിയാലില്‍ നിന്ന് ക്വാസിഗഡിലേയ്ക്കുള്ള ദൂരം ഇപ്പോഴത്തേതില്‍ നിന്ന് 16 കിലോമീറ്റര്‍ കുറയും.
ഓസ്ത്രേലിയയില്‍ നിന്നുള്ള സാങ്കേതിക വിദ്യയാണ് തുരങ്കം നിര്‍മ്മിയ്ക്കാനായി ഇര്‍കോണ്‍ ഉപയോഗിയ്ക്കുന്നത്. തുരങ്കം നിര്‍മ്മിയ്ക്കുന്ന സ്ഥലത്ത് എത്തുന്നതിനായി 67 കിലോമീര്‍ റോഡ് നിര്‍മ്മിയ്ക്കേണ്ടി വന്നു. ഇത് 35 ഗ്രാമങ്ങള്‍ക്ക് സഹായകമായെന്നത് പദ്ധതിയുടെ മറ്റൊരു നല്ല കാര്യം.
വളരെ പ്രായം കുറഞ്ഞ മലനിരകളായതുകൊണ്ട് വ്യത്യസ്തമായതും തികച്ചും പ്രതികൂലമായതുമായ സാഹചര്യങ്ങള്‍ തരണം ചെയ്താണ് തുരങ്കത്തിന്റെ ജോലി നടത്തുന്നത്. 2002 ല്‍ കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന എന്‍ഡിഎ സര്‍ക്കാരാണ് ജമ്മു-ഉധംപൂര്‍-കട്ര-ക്വാസിഗഡ്-ബാരാമുള്ള തീവണ്ടി പാതയ്ക്ക് അനുതി നല്‍കിയത്. സ്വാതന്ത്ര്യത്തിന് ശേഷം നിര്‍മ്മിയ്ക്കുന്ന ഏറ്റവും വലിയ മലമ്പാതയാണ് ഇത്. ജമ്മു മുതല്‍ ഉധംപൂര്‍ വരെയുള്ള 53 കിലോമീറ്റര്‍ പാത 2005 ല്‍ തന്നെ തുറന്നു. ക്വാസിഗഡ്- ബാരാമുള്ള പാത 2009ലും തുറക്കാനായി.












Click it and Unblock the Notifications